നെയ്യാറ്റിൻകര: കോവിഡ്-19 പ്രതിരോധ പ്രവർത്തകർക്ക് നന്ദിയർപ്പിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർ ഒരുക്കിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി. പരസ്പരം ദീപങ്ങള്‍ കൈമാറുന്ന ദൃശ്യത്തിന് അകന്പടിയായി നന്ദി നിങ്ങള്‍ക്ക് നന്ദി എന്ന് തുടങ്ങുന്ന ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നെയ്യാറ്റിന്‍കര ഡിപ്പോയിലെ 35 വനിതാ കണ്ടക്ടർമാര്‍ ഈ ഉദ്യമത്തില്‍ പങ്കെടുത്തു. അവരവരുടെ വീടുകളിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ സന്നിവേശിപ്പിച്ച് തയാറാക്കിയ വീഡിയോയുടെ ആശയവും ആവിഷ്ക്കാരവും ഒരുക്കിയത് കണ്ടക്ടർമാരായ വി. അശ്വതി, കെ.പി ദീപ എന്നിവരാണ്. ഡിപ്പോയിലെ മെക്കാനിക് ജി. ജിജോ, വാഷിംഗ് വിഭാഗത്തിലെ വിനോദ് എന്നിവര്‍ എഡിറ്റിംഗ് നിർവഹിച്ചു.
എടിഒ പള്ളിച്ചൽ സജീവ് വീഡിയോ പ്രകാശനം ചെയ്തു. യൂ ടൂബിൽ ഇതിനകം പതിനായിരത്തിലേറെപ്പേർ വീഡിയോ കണ്ടതായി സംഘാടകര്‍ അറിയിച്ചു. മികച്ച നിലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിത്രീകരണം ഒരുക്കിയ കെഎസ്ആർടിസി വനിതാ ജീവനക്കാരെ ഗതാഗത മന്ത്രി, എംഡി, എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവർ അഭിനന്ദിച്ചു.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ വീഡിയോ ഉൾക്കൊള്ളിക്കാൻ ഗതാഗത മന്ത്രി അംഗീകാരം നൽകിയെന്നും കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഉൾപ്പെടുത്താൻ എംഡി നിർദേശം നൽകിയെന്നും സംഘാടകര്‍ അറിയിച്ചു.