കാട്ടാക്കട: കാട്ടിൽ നിന്നും മയിലുകൾ കൂട്ടമായി നാട്ടിലേയ്ക്ക്. ആളൊഴിഞ്ഞ നാട്ടിൻപുറങ്ങളിലും പറമ്പുകളിലും ഇവ യഥേഷ്ടം വിഹരിക്കുകയാണ്. ഇപ്പോൾ ഒറ്റയ്ക്കും സംഘവുമായി മയിലുകളെ കാണാം.
നെയ്യാർഡാമിലെ പറമ്പുകളിലും പൂന്തോട്ടത്തിലും കഴിഞ്ഞ മൂന്ന് ദിവസമായി മയിലുകൾ സദാ വിഹരിക്കുന്നു. കാട്ടിലെ ആഹാരത്തിന്റെ കുറവും കനത്ത ചൂടുമാണ് ഇവറ്റകളെ നാട്ടിലേക്ക് എത്തിച്ചതെന്ന് കരുതുന്നു.
ഡാമിലെ വെള്ളം മറ്റൊരു ആകർഷണമാണ്. ഡാമിലെ ഉയർന്ന പാറയായ കാളിപാറയിലും അടുത്തുള്ള ചെറുപാറകളിലും തുറന്ന ജയിലിലെ വിശാലമായ തോട്ടങ്ങളിലും മയിലുകൾ എത്തിയിട്ടുണ്ട്.
മാത്രമല്ല, ഡാമിനു സമീപത്തെ പഞ്ചായത്തുകളായ പൂവച്ചൽ, കുറ്റിച്ചൽ, അമ്പൂരി തുടങ്ങി വിവിധ പഞ്ചായത്തുകളിലും ഇവറ്റകളെ കാണാം. നെയ്യാർഡാം പക്ഷികളുടെ സങ്കേതമാണ്. ഇത് മനസിലാക്കിയാണ് തട്ടേക്കാട് മാതൃകയിൽ പക്ഷി വളർത്തൽ കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചത്.
വേഴാമ്പൽ, കുരുവികൾ, മലതത്തകൾ, മരംകൊത്തി, പച്ച എരണ്ട, നീല തത്ത, ഇലക്കിളി തുടങ്ങിയ ഇനങ്ങൾ ഇവിടെ കൂടൊരുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇവിടെ പക്ഷി സംരക്ഷണം കേന്ദ്രം തുടങ്ങാൻ നീക്കം നടത്തിയത്.എന്നാൽ അത് നടക്കാതെപോയി.