ഭൂവനേശ്വര്‍: കോവിഡ് ബാധയില്‍ നിന്നും മുക്തി നേടിയ വയോധികന് കാന്‍സര്‍ ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര് സ്വദേശിയായ ഇയാള്‍ ഒഡീഷയിലെ ഭൂവനേശ്വറിലുള്ള ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
പിറ്റ്യൂട്ടറി കാന്‍സര്‍ ബാധിച്ചാണ് ഇയാള്‍ മരിച്ചതെന്ന് ഒഡീഷ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളുടെ ആന്തരീകാവയവങ്ങള്‍ തകരാറിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
ശസ്ത്രക്രിയക്ക് ശേഷം തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ക്ക് കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയത്.
പിന്നീട് നടത്തിയ ചികിത്സയില്‍ ഇയാള്‍ രോഗ മുക്തനായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ തന്നെ കഴിഞ്ഞിരുന്ന ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, ഒഡീഷയില്‍ രണ്ട് വയസുകാരിക്ക് ഉള്‍പ്പടെ 70 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 29 പേര് രോഗ മുക്തരായി.