രാജു കുന്നക്കാട്ട്
ഡബ്ലിൻ: അയർലൻഡിലെ പതിനായിരത്തിലേറെ കൊറോണ ബാധിതരിൽ പത്തിലൊന്നും നഴ്സുമാർ എന്നത് ആരോഗ്യസുരക്ഷാ മേഖലയിൽ ആശങ്ക ഉയർത്തുന്നു.
രോഗബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സാ മേഖലയിലുള്ളവരുടെ രോഗവ്യാപനം രാജ്യം നേരിടുന്ന വലിയ ഭീഷണിയാണ്.
വിവിധ പ്രോവിൻസുകളിലായി 1100 നഴ്സുമാർ കൊറോണ ബാധിതരായി കഴിയുന്നു. ഇവരിൽ 200 പേർ മലയാളികളാണ്. മലയാളികളായ 150 നഴ്സുമാർ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നു.
രോഗം ഭേദമായ അൻപതു മലയാളി നഴ്സുമാർ വീടുകളിൽ വിശ്രമിക്കുന്നു. ഇവരുടെ കുടുംബാംഗങ്ങളിൽ നൂറിലേറെപ്പേർ കൊറോണ ബാധിതരായുണ്ട്. കേരളീയരിൽ ആരുടെയും നില നിലവിൽ ഗുരുതരമല്ല.
ഇതര യൂറോപ്യൻ രാജ്യങ്ങളിലെന്നപോലെ അയർലൻഡിലും കൊറോണ നിയന്ത്രണവിധേയമായിട്ടില്ല എന്നിരിക്കെ ഇതോടകം മരണം 700 കവിഞ്ഞു.
നഴ്സിംഗ് ഹോമുകളിൽ കഴിയുന്ന വയോധികരാണ് മരിച്ചവരിൽ ഏറെയും. വിവിധ മേഖലയിലെ പത്ത് നഴ്സിംഗ് ഹോമുകളിലായി മൂന്നൂറിലേറെ അന്തേവാസികൾക്കു മരണം സംഭവിച്ചു.
ഒരു നഴ്സിംഗ് ഹോമിൽ വിശ്രമജീവിതം നയിച്ചിരുന്ന വയോധികരായ നാല് ജസ്യൂട്ട് വൈദികരും കഴിഞ്ഞദിവസം മരിച്ചു.
അയർലൻഡിലെ തൊഴിൽ സാന്പത്തീക രംഗം പൊതുവേ പ്രതിസന്ധിയിലേക്കു നീങ്ങുന്നത് മലയാളികളിലും പരക്കെ ആശങ്ക ജനിപ്പിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന നിരവധി മലയാളികൾക്കു ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ്.
സ്റ്റുഡന്റ് വീസയിലെത്തിയവരും പ്രതിസന്ധിയിലാണ്. ഇവർക്ക് മിനിമം ജീവിത സാഹചര്യങ്ങൾക്കുള്ള വരുമാനം ലഭിച്ചിരുന്ന തൊഴിലിടങ്ങൾ അടഞ്ഞു.
വിമാനസർവീസ് നിലച്ചതോടെ കേരളത്തിൽനിന്നുള്ള പച്ചക്കറി ഉൾപ്പെടെ ഭക്ഷ്യവിഭവങ്ങൾ സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്നില്ല. എന്നാൽ ഇവയൊക്കെ മറ്റു രാജ്യങ്ങളിൽനിന്ന് വേണ്ടിടത്തോളം എത്തുന്നതിനാൽ ഭക്ഷ്യക്ഷാമമില്ല.
കേരളീയർ നടത്തുന്ന ഷോപ്പുകളിൽ കുത്തരി ഉൾപ്പെടുന്ന സാധനങ്ങൾ ലഭിക്കുന്നില്ല. കേരളീയരെപ്പോലെ നൂറുകണക്കിന് ഫിലിപ്പീൻസ് നഴ്സുമാരും രോഗബാധിതരായിട്ടുണ്ട്.
ഐറീഷ് നഴ്സുമാരിലും രോഗം വ്യാപകമാണ്. പൊതുസുരക്ഷയെ മുൻനിറുത്തി ഇതര യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവർക്ക് അയർലൻഡിലേക്ക് താൽക്കാലികമായി പ്രവേശനം നിറുത്തിയിരിക്കുകയാണ്.
എന്നാൽ അമേരിക്ക, കാനഡ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ കഴിഞ്ഞിരുന്ന ഒട്ടേറെ അയർലൻഡുകാരെ രാജ്യം പ്രത്യേക വിമാനങ്ങൾ അയച്ച് മടക്കിക്കൊണ്ടുവന്നു.
മേയ് നാലുവരെയാണ് നിലവിൽ ലോക്ക് ഡൗണ് പ്രഖ്യാപിച്ചിരിക്കുന്നത്. രോഗവ്യാപനം ഒഴിവാക്കാൻ നിയന്ത്രണങ്ങൾ തുടരുമെന്നാണ് സൂചന.
അവശ്യസാധനങ്ങളെല്ലാം സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാണ്. സർക്കാർ ഇടപെടൽ കർക്കശമായതിനാൽ വിലക്കയറ്റവും പൂഴ്ത്തിവയ്പുമില്ല.