കിഴക്കമ്പലം: “ഇതിലും വലിയ സംരക്ഷണം ഇല്ല! ഈ സ്നേഹത്തിന്റെയും കരുതലിന്റെയും മുന്നിൽ എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല. ഇവരുടെ സ്നേഹത്തിനു മുന്നിലാണ് നമ്മൾ തോറ്റുപോകുന്നത്.
ഇവർ നിർമിച്ചു നൽകിയ മാസ്ക് കൊറോണകാലം അതിജീവിച്ചശേഷവും കഴുകി വൃത്തിയാക്കി ഒരു നിധിപോലെ സൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ -വടുതല വാത്സല്യഭവൻ അനാഥാലയത്തിലെ കുഞ്ഞനുജത്തിമാർ നിർമിച്ചു നൽകിയ മാസ്കിനു നന്ദി അറിയിച്ചു ജില്ലാ കളക്ടർ എസ്. സുഹാസ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.
ഈ കൊറോണ കാലത്ത് ഈ പ്രായത്തിലും എങ്ങനെ സമൂഹസേവനം ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണമാണിത്. എനിക്ക് മാത്രമല്ല, നിരവധി പോലീസ് സ്റ്റേഷനുകളിലും ഇവർ മാസ്ക് നൽകിയിട്ടുണ്ട്.
വിൽക്കുകയല്ല ആ സ്നേഹം ജനങ്ങളിലേക്ക് എത്തുകയാണ്. അവരുടെ മനസ് പോലെ വർണ ശബളമാണ് ഈ മാസ്കുകൾ -കളക്ടർ ഫേസ്ബുക്കിൽ എഴുതി.
ഈ തിരക്കൊക്കെ ഒഴിഞ്ഞു ഒരുദിവസം കുടുംബമായി ഈ അനുജത്തിമാരോടൊപ്പം ചെലവഴിക്കാൻ എത്താമെന്നു വാക്കുനൽകിയാണ് കളക്ടർ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. കുട്ടികൾ നൽകിയ മാസ്ക് അണിഞ്ഞുള്ള പടവും ഇതോടൊപ്പമുണ്ട്.