ഉത്തരകൊറിയയിൽ കിംഗ് ജോംഗ് ഉൻ 2011-ൽ അധികാരമേൽക്കുന്പോൾ പ്രായം 27. പക്ഷേ, അധികാരക്കസേരയിൽ വലിയ വെല്ലുവിളി നേരിടേണ്ടിവന്നില്ല. 17 വർഷം രാജ്യം ഭരിച്ച പിതാവ് കിം ജോംഗ് ഇൽ മകന്റെ എതിരാളികളാകാവുന്നവരെയെല്ലാം വെട്ടിനിരത്തിയിരുന്നു.
കിം ജോംഗ് ഉനിന്റെ ആരോഗ്യനിലയെപ്പറ്റി ആശങ്ക പടരുന്പോൾ ആദ്യചോദ്യം പിൻഗാമിയെപ്പറ്റിയാണ്. കിമ്മിനു 36 വയസേ ഉള്ളൂ. 2009-ലാണ് പ്രശസ്ത ഗായിക റി സോൾജുവുമായി വിവാഹം നടന്നത്.
പിറ്റേ വർഷം ഒരു പുത്രൻ ഉണ്ടായി. പിന്നീട് രണ്ടു കുട്ടികൾ കൂടി. മൂത്തമകനു പത്തു വയസാകുന്നതേ ഉള്ളൂ. ഭരിക്കണമെങ്കിൽ മറ്റാരെങ്കിലും റീജന്റ് പോലെ ഭരണച്ചുമതല ഏല്ക്കണം.
കിമ്മിന്റെ സഹോദരി കിം യോ യോംഗിനെ പലരും പിൻഗാമിയായി കാണുന്നുണ്ട്. 31 വയസുള്ള ഇവർ കൊറിയൻ വർക്കേഴ്സ് പാർട്ടി പോളിറ്റ് ബ്യൂറോയിലേക്ക് ഈയിടെ വീണ്ടും നിയോഗിക്കപ്പെട്ടു.
കിമ്മിനു പുറമേ ആ കുടുംബത്തിൽനിന്ന് പോളിറ്റ് ബ്യൂറോയിൽ ഉള്ള അംഗമാണ് ഇവർ. പക്ഷേ, സ്ത്രീനായകത്വം കൊറിയ സ്വീകരിക്കുമോ? ചൈനയിലും കിഴക്കൻ ഏഷ്യയിലും പുരുഷമേധാവിത്വ മനോഭാവമാണല്ലോ പ്രബലം.
ചൈനയിൽ ഭരണം പിടിക്കാൻ മാവോയുടെ വിധവ ചിയാംഗ് കിംഗ് നടത്തിയ ശ്രമം പരാജയപ്പെട്ടതിന് ഒരു കാരണം സ്ത്രീയാണെന്നതായിരുന്നല്ലോ.
കുറേ വർഷമായി സഹോദരനൊപ്പം ഭരണത്തിലും നയതന്ത്രരംഗത്തും കിം യോ യോംഗ് ഉണ്ട്. സഹോദരന്റെ പ്രതിനിധിയായി ദക്ഷിണകൊറിയയിൽ പോയി. സഹോദരനൊപ്പം ഡോണൾഡ് ട്രംപുമായും ഷി ചിൻ പിംഗുമായുമുള്ള ഉച്ചകോടികളിൽ പങ്കെടുത്തു.
കുറച്ചുമാസം അധികാരസമിതികളിൽനിന്നു പുറത്തായിരുന്ന സഹോദരി വീണ്ടും ഉന്നതസമിതിയിൽ വന്നത് കിമ്മിന്റെ ശസ്ത്രക്രിയയ്ക്കു തൊട്ടുമുന്പാണ്. സഹോദരിയെ പുനരവരോധിച്ചത് എന്തെങ്കിലും ലക്ഷ്യത്തിലാകുമെന്നു കരുതുന്നവരും കുറവല്ല.
കിമ്മിന്റെ അർധസഹോദരന്റെ മകൻ കിംഹാൻ സോൾ കസേരയിൽ നോട്ടമിടാവുന്ന ഒരാളായിരുന്നു. പക്ഷേ, ഹാൻ സോളിന്റെ പിതാവ് കിം ജോംഗ് നാമിനെ കിമ്മിനിഷ്ടമല്ലായിരുന്നു.
ചൂതുകളിഭ്രാന്തനായിരുന്ന അയാളെ ക്വാലാലംപുർ വിമാനത്താവളത്തിൽവച്ച് വിഎക്സ് എന്ന നെർവ് ഏജന്റ് തളിച്ച് രണ്ടു സ്ത്രീകൾ 2017-ൽ കൊലപ്പെടുത്തി. പിന്നീടു ഹാൻ സോൾ എവിടെയാണെന്നറിവില്ല.
കിമ്മിന്റെ ഇളയ സഹോദരൻ കിം ജോംഗ് ചോൽ രാഷ്ട്രീയരംഗത്തില്ല. ഗിറ്റാറിസ്റ്റാണ്. ചെറുപ്പം മുതലേ തന്റെ സംഗീതവുമായി ഒതുങ്ങിക്കഴിയുന്ന ജോംഗ് ചോൽ ഭരണകക്ഷിയിലോ ഭരണത്തിലോ ഒരു പദവിയും വഹിക്കുന്നുമില്ല.