കോട്ടയം: പാലക്കാട്ട് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ സഹായി കോട്ടയം ചന്തയിൽ എത്തിയതിനെ തുടർന്ന് പച്ചക്കറി കട അടപ്പിച്ചു. ചൊവ്വാഴ്ച പാലക്കാട്ട് കോവിഡ് സ്ഥിരീകരിച്ചയാൾക്കൊപ്പം യാത്ര ചെയ്ത സഹായിയാണ് കോട്ടയത്ത് എത്തിയത്.
തമിഴ്നാട്ടിലെ ഡിണ്ടിവനത്തുനിന്നും തണ്ണിമത്തനുമായി വന്നതായിരുന്നു ഇവർ. രോഗം സ്ഥിരീകരിച്ചയാൾ പാലക്കാട്ട് ഇറങ്ങിയിരുന്നു. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന യുവാവിനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കോട്ടയം ചന്തയിൽ എത്തിയതായി വിവരം ലഭിച്ചു. അന്വേഷണത്തിൽ കോട്ടയത്തു നിന്നും പാലക്കാട്ടേക്കുള്ള യാത്രക്കിടെ പുലർച്ചയോടെ ഇയാളെ കണ്ടെത്തി.
പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് സാംപിൾ എടുത്തതിന് ശേഷം ഇയാളെ പാലക്കാട് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വിഭാഗത്തിലാക്കി.
കോട്ടയം മാര്‍ക്കറ്റിലെ കടയില്‍ ഉടമയും ജീവനക്കാരും ലോഡിംഗ് തൊഴിലാളികളം ഉള്‍പ്പെടെ 17 പേരുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തി.
ഇന്നു രാവിലെ കടയുടമയെയും ലോഡിംഗ് തൊഴിലാളികളില്‍ ഒരാളെയും കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ച് സാപിൾ എടുത്തു.
കട അടപ്പിക്കുകയും 17 പേർക്കും ഹോം ക്വാറന്റയിനില്‍ പോകാൻ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങളില്ല. സാമ്പിള്‍ പരിശോധനാ ഫലം നാളെ ലഭിക്കും.