പത്തനംതിട്ട: സുഹൃത്തുക്കളും സഹപാഠികളുമായിരുന്നവര് ചേര്‍ന്ന് 16 കാരനെ എറിഞ്ഞുവീഴ്ത്തി, വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടു. പോലീസ് കസ്റ്റഡിയിലുള്ള കുട്ടികളുടെ മൊഴി രേഖപ്പെടുത്തുമെന്ന് സിഡബ്ല്യുസി ചെയര്മാന് സക്കീര്‍ ഹുസൈന് പറഞ്ഞു.
കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് – മിനി ദമ്പതികളുടെ മകന് അഖിലാണ് (16) ഇന്നലെ കൊല്ലപ്പെട്ടത്. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അഖില്‍.
അങ്ങാടിക്കല്‍ തെക്ക് എസഎന്വിഎച്ച്എസ് സ്കൂളിന് സമീപം കദളിവനം വീടിനോട് ചേര്‍ന്ന റബര്‍ തോട്ടത്തിലാണ് കൊലപാതകം നടന്നത്.
ഒമ്പതാം ക്ലാസ് വരെ ഒപ്പം പഠിച്ചിരുന്ന അങ്ങാടിക്കല്‍ വടക്ക് സ്വദേശിയും കൊടുമണ്‍മണിമലമുക്ക് സ്വദേശിയും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കുട്ടികള്‍ രണ്ടുപേരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കും.
കുട്ടികളുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ ബാലനീതി നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ ഏറെ പൂര്‍ത്തിയാക്കേണ്ടിവരും. ഇതിന്റെ ഭാഗമായാണ് സിഡബ്ല്യുസിയുടെ ഇടപെടലുമുണ്ടായിരിക്കുന്നത്.
അഖിലിന്റെ മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആര്യയാണ് അഖിലിന്റെ സഹോദരി.
കൊലപാതകത്തിലേക്കു നയിച്ചത്…
ഇന്നലെ രാവിലെയാണ് കുട്ടികള്‍ രണ്ടുപേര്‍ അഖിലിന്റെ വീട്ടിലെത്തിയത്. സുഹൃത്തുക്കളായ ഇവര്‍ സൈക്കിളിലാണ് വന്നത്. അഖില്‍ സൈക്കിളുമെടുത്ത് ഇവര്‍ക്കൊപ്പം പോയി. ഇവര്‍ നേരെ പോയത് അങ്ങാടിക്കല്‍ സ്കൂള്‍ ഭാഗത്തേക്കാണ്.
ഒമ്പതാം ക്ലാസ് വരെ ഒന്നിച്ചു പഠിച്ചിരുന്ന മൂന്നു പേരും തമ്മില്‍ പല ഇടപാടുകളും ഉണ്ടായിരുന്നു. സുഹൃത്തുക്കളില്‍ ഒരാളുടെ റോളര്‍ സ്കേറ്റിംഗ് ഷൂസ് അഖില്‍ ഉപയോഗിച്ചിരുന്നു. ഇതിനു പകരമായി ഒരു മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് അഖില്‍ വാഗ്ദാനം ചെയ്തിരുന്നതായി പറയുന്നു.
മൊബൈലില്‍ പരസ്പരം ബന്ധപ്പെടുകയും ചാറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ ഇടപെടുകയും ചെയ്തിരുന്ന കുട്ടികള്‍ ഒന്നിച്ചിരുന്ന് മൊബൈല്‍ ഗെയിമും കളിച്ചിരുന്നു.
ഇതിനിടെ സമൂഹമാധ്യമത്തിലൂടെ കളിയാക്കിയെന്ന പേരില്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായി പറയുന്നു. ഒപ്പം മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരിലും ഇന്നലെ അഖിലിനോട് മറ്റു രണ്ടുപേരും വഴക്കുണ്ടാക്കി.
സ്കൂളിന് സമീപം ആളൊഴിഞ്ഞ റബര്‍തോട്ടത്തിലേക്കു കൂട്ടിക്കൊണ്ടുപോയ അഖിലുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് കല്ലെടുത്ത് എറിഞ്ഞു. കല്ലേറില്‍ താഴെ വീണ അഖില്‍ ബോധരഹിതനായി.
ഇതോടെ ഭയന്ന മറ്റു രണ്ടുപേരും അഖിലിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. സമീപത്തെ വീടിനു പുറത്തിരുന്ന കോടാലി എടുത്തുകൊണ്ടുവന്ന് ബോധരഹിതനായി കിടന്ന അഖിലിനെ വെട്ടിയെന്നാണ് മൊഴി.
മരിച്ചുവെന്നു ബോധ്യപ്പെട്ടപ്പോള്‍ മൃതദേഹം മറവു ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി ചെറിയ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. സമീപത്തുനിന്ന് മണ്ണ് സംഘടിപ്പിച്ച മൂടി.
കൂസലില്ലാതെ കുട്ടികള്‍
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട കുട്ടികളെ ആദ്യം ചോദ്യം ചെയ്തത് നാട്ടുകാരാണ്. ഇവരുടെ ചോദ്യം ചെയ്യലില്‍ തന്നെ കുട്ടികള്‍ തെറ്റ് സമ്മതിച്ചു. സഹപാഠിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വിവരം ഇവര്‍ പറഞ്ഞു.
ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ കുട്ടികളിലൊരാള്‍ തന്നെ മൃതദേഹം മണ്ണുമാന്തി കാട്ടിക്കൊടുത്തു. രണ്ടുപേരും ചേര്‍ന്ന് പുറത്തെടുക്കുകയും ചെയ്തു. വെട്ടാനുപയോഗിച്ച ആയുധവും കണ്ടെടുത്തു.
പറ്റിപ്പോയി എന്നു മാത്രമാണ് കുട്ടികള്‍ പറഞ്ഞത്. കൊലപ്പെടുത്തണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും വഴക്കുണ്ടായപ്പോള്‍ കല്ലെറിയുകയായിരുന്നുവെന്നും പറയുന്നു.
അഖില്‍ താഴെ വീണപ്പോഴേക്കും ആധിയായി. ഇത്തരത്തില്‍ അഖിലിനെ ഉപേക്ഷിച്ചാല്‍ തങ്ങള്‍ പിടിയിലാകുമെന്ന് ഭയന്ന കുട്ടികള്‍, കൊലപ്പെടുത്തി മറവു ചെയ്താല്‍ ആള്‍പാര്‍പ്പില്ലാത്ത സ്ഥലമായതിനാല്‍ പുറത്താരും അറിയില്ലെന്ന് കരുതിയിട്ടുണ്ടാകാമെന്നാണ് പോലീസ് നിഗമനം.
ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, ഡിവൈഎസ്പിമാരായ ആര്. ജോസ്, ജവഹര്‍ ജനാര്‍ദ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്.