കണ്ണൂർ: കണ്ണൂരിൽ ഇന്നു മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ഐജി അശോക് യാദവ്. ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ മെഡിക്കൽ ഷോപ്പുകൾ മാത്രമേ തുറക്കുകയുള്ളൂ.
നിരീക്ഷണത്തിലുള്ളവരുടെ വീടുകൾക്ക് മുന്നിൽ പോലീസ് പട്രോളിംഗ് ഏർപ്പെടുത്തും.ഹോട്ട്സ്പോട്ടുകളിൽ ആളുകൾ വീടിനു പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്നും ഐജി അശോക് യാദവ് പറഞ്ഞു.
കണ്ണൂരിൽ നിലവിലുണ്ടായിരുന്ന ഹോട്ട്സ്പോട്ടുകൾക്ക് പുറമെ എട്ട് പഞ്ചായത്തുകളും കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഇടം നേടി. കുന്നോത്തുപറന്പ്,ഏഴോം, മാങ്ങാട്ടിടം, കതിരൂർ, ന്യൂമാഹി, പാപ്പിനിശേരി, ചെന്പിലോട്, പന്ന്യന്നൂർ എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ട് പഞ്ചായത്തുകൾ.
കണ്ണൂർ കോർപറേഷൻ, പാനൂർ, പയ്യന്നൂർ, തലശേരി, ഇരിട്ടി, കൂത്തുപറന്പ് നഗരസഭകൾ, മാടായി, കോളയാട്, പാട്യം, കോട്ടയം, മൊകേരി, ചൊക്ലി, മാട്ടൂൽ, പെരളശേരി, ചിറ്റാരിപ്പറന്പ്, നടുവിൽ തുടങ്ങിയ പഞ്ചായത്തുകളാണ് ഹോട്ട്സ്പോട്ടിൽ ഉണ്ടായിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ള ജില്ല എന്ന നിലയിൽ ഇന്നലെ മുതലാണ് കനത്ത നിയന്ത്രണങ്ങൾ തുടങ്ങിയത്.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ പോലീസ് അറസ്റ്റ് ചെയ്ത് ക്വാറന്റൈൻ ചെയ്യുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങിയതിന് ഇന്നലെ 373 പേരെയാണ് അറസ്റ്റ് ചെയ്തത്. 308 വാഹനങ്ങൾ പിടിച്ചെടുത്തു.