കോഴിക്കോട് : ജില്ലയില്‍ ഡോക്ടറും നഴ്സും ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കൂടി കോവിഡ്. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി.
ഇന്നലെ കോവിഡ് സ്ഥിരീകരിചച്ച നഴ്സ് കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലില്‍ ഐസിയുവില്‍ ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം 11 ന് കോവിഡ് സ്ഥിരീകരിച്ച എടച്ചേരി സ്വദേശി ഇഖ്റ ആശുപത്രിയില്‍ ഉണ്ടായിരുന്ന സമയത്ത് അവരെ പരിചരിച്ചിരുന്നു.
അവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കരുതുന്നു. ഏപ്രില്‍ അഞ്ച് മുതല്‍ എട്ടുവരെ ഇവര്‍ ഇഖ്റ ആശുപത്രിയില്‍ ഐസിയുവില്‍ ജോലി ചെയ്തിരുന്നു.
ഒമ്പത് മുതല്‍ 11 വരെ ഇവര്‍ അവധിയിലായിരുന്നു. 11 ന് എടച്ചേരി സ്വദേശിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഈ നഴ്സ് ഉള്‍പ്പെടെ അദ്ദേഹത്തെ പരിചരിച്ച മുഴുവന്‍ പേരെയും ക്വാറന്റൈനിലേക്ക് മാറ്റിയിരുന്നു.
തുടര്‍ന്ന് 20-ന് അച്ഛനോടൊപ്പം സ്വന്തം കാറില്‍ രാവിലെ ഇഖ്റ ഹോസ്പിറ്റല്‍ വരികയും സ്രവപരിശോധ നടത്തി ഒമ്പതര മണിയോടെ തിരിച്ച് പോവുകയും ചെയ്തു.
ഇന്നലെ പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഡോക്ടര്‍ ആണ്. ഇദ്ദേഹം മാര്‍ച്ച് 20 ന് നിസാമുദ്ദീന്‍ തിരുവനന്തപുരം എക്സ്പ്രസില്‍ യാത്ര ചെയ്ത ആളാണ്.
11.40 ന് ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കയറുകയും മാര്‍ച്ച് 22-ന് വൈകിട്ട് 6 30ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റഫോം നമ്പര്‍ ഒന്നില്‍ എത്തിച്ചേരുകയും ചെയ്തു. അവിടെ നിന്ന് റെയില്‍വേ സ്ക്വാഡ് പരിശോധിക്കുകയും 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയുമായിരുന്നു.
ഡല്‍ഹിയിലെ തബ്ലീഗി ജമാഅത്ത് മര്‍ക്കസിലെ മത ചടങ്ങില്‍ പങ്കെടുത്ത കോവിഡ് സ്ഥീരീകരിച്ച ആലപ്പുഴ സ്വദേശിയായ വ്യക്തി സഞ്ചരിച്ച അതേ കോച്ചിലാണ് ഇദ്ദേഹവും യാത്ര ചെയ്തത് എന്ന വിവരം ലഭിച്ചതിനാല്‍ കോഴിക്കോട് ജില്ലയിലെ ആരോഗ്യ വിഭാഗം ഇദ്ദേഹത്തെ ബന്ധപ്പെടുകയും 28 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയാന്‍ നിർദേശിക്കുകയും ചെയ്തു.
ക്വാറന്റൈയിന് പൂര്‍ത്തിയായതിനുശേഷം ഈ മാസം 20-ന് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ തിരികെ ജോലിയിൽ പ്രവേശിക്കാൻ എത്തിയ സമയത്ത് നടത്തിയ സ്ക്രീനിംഗില്‍ കോവിഡ് സ്വീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ മെഡിക്കല്‍ കോളജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല. നിലവില്‍ 11പേര് രോഗമുക്തരായി ആശുപത്രി വിട്ടതിനാല്‍ 11 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്.
ഇതുകൂടാതെ ഒരു കണ്ണൂര്‍ സ്വദേശിക്കും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലുണ്ടായിരുന്ന നാല് ഇതര ജില്ലക്കാര്‍ നേരത്തെ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.