വൈപ്പിന്‍: ലോക്ക്ഡൗണ്‍ കാലത്ത് മത്സ്യം വാങ്ങി കറിവയ്ക്കാമെന്ന് മോഹിക്കുന്നവരുടെ പോക്കറ്റ് കീറും. മത്സ്യത്തിനു മാര്‍ക്കറ്റുകളില്‍ ഇപ്പോൾ തീവിലയാണ്.
കടലില്‍ മത്സ്യബന്ധനം നിലച്ചതും വേനല്‍ക്കാല ചെമ്മീന്‍ കെട്ടുകളില്നിന്നുള്ള മത്സ്യത്തിന്റെ വരവ് കുറഞ്ഞതുമാണ് മത്സ്യവിലകൂടാന് കാരണം.
കരിമീന്‍ കിലോയ്ക്കു 650 മുതല്‍ 900 രൂപവരെ വിലയുണ്ട്. ഡിമാൻഡ് കുറഞ്ഞ കൂരി മത്സ്യത്തിനു 200 മുതല്‍ 300 രൂപ വരെയാണ് വില. ചെറിയ നാടന്‍ തിലോപ്പിയ കിലോയ്ക്കു 300 നാണ് വില്‍ക്കുന്നത്.
കഴിഞ്ഞദിവസം മുതല്‍ ചാളയും സ്റ്റാളുകളില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. കിലോയ്ക്ക് 260 രൂപ നല്‍കണമെന്ന് മാത്രം. നാരന്‍ ചെമ്മീന്‍ വലുതിനു കിലോ 380 മുതല്‍ 440 രൂപവരെ വാങ്ങിക്കുന്നുണ്ട്.
അതേസമയം പച്ചക്കറിക്ക് വിലക്കുറവാണ്. ലോക്ക്ഡൗണിന്റെ ആദ്യകാലത്ത് വരവ് നിലതോടെ പച്ചക്കറി വില കുതിച്ചുയര്‍ന്നിരുന്നു. പിന്നീട് സുലഭമായി എത്തി തുടങ്ങിയതോടെയാണ് വിലയിടിഞ്ഞത്.
പൊതുവേ കിലോയ്ക്കു 40 രൂപയ്ക്ക് വില്‍ക്കുന്ന വെണ്ടക്കയ്ക്ക് മാത്രമാണ് താരതമ്യേന വില കൂടുതലായി കാണുന്നത്.
പടവലം, കാരറ്റ്, വഴുതന, തക്കാളി എന്നിവ കിലോവിനു 20 രൂപയാണ് വില. കാബേജ് 30 രൂപയ്ക്കും ചെറി ഉള്ളി 60നും സവാള 25രൂപയ്ക്കുമാണ് വില്‍ക്കുന്നത്. പച്ചമുളക് കിലോ 60 രൂപയാണ്. ഇഞ്ചി 100 രൂപയ്ക്കു റീട്ടെയിൽ കടകളില്‍നിന്നു ലഭിക്കുന്നുണ്ട്.