കോട്ടയം/നെടുങ്കണ്ടം: ഡൽഹിയിൽനിന്നു കേരള – തമിഴ്നാട് അതിർത്തിയായ കന്പംമെട്ട് വഴി ഇടുക്കിയിലെത്തിയ ദന്പതികളിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട വീട്ടമ്മയെ പുലര്ച്ചെ ഒന്നരയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ കോട്ടയത്ത് ഒരാൾക്കു കോവിഡ് എന്നു മുഖ്യമന്ത്രി പറഞ്ഞതു പാലാ സ്വദേശിനിയായ ഇവരുടെ കാര്യമാണ്. നെടുങ്കണ്ടം ചോറ്റുപാറയിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവർ.
ഈ മാസം 17-നാണ് ഇവർ ഡൽഹിയിൽനിന്നു കാർമാർഗം കന്പംമെട്ടിലെത്തിയത്. ഓസ്ട്രേലിയ സന്ദർശനത്തിനു ശേഷം മാർച്ച് 21ന് ഡൽഹിയിൽ എത്തിയ ഇവർ അവിടെ സ്വന്തം ചെലവിൽ ക്വാറന്റൈനിലായിരുന്നു.
കാറന്റൈൻ കാലാവധിക്കു ശേഷം ഏപ്രിൽ 13ന് സ്വദേശമായ പാലായിലേക്കു കാറിൽ വരുന്ന വഴി കന്പംമെട്ടിൽ എത്തിയപ്പോൾ ചെക്ക്പോസ്റ്റിൽ ആരോഗ്യപ്രവർത്തകരും പോലീസുംചേർന്നു പരിശോധിച്ചു. തുടർന്നാണു ചോറ്റുപാറയിൽ ക്വാറന്റൈനിലേക്കു മാറ്റിയത്.
71 ഉം 65 ഉം വയസുള്ള ദന്പതികൾ മൂന്നു ദിവസംകൊണ്ടാണ് ഡൽഹിയിൽനിന്നു കന്പംമെട്ടിലെത്തിയത്. ബന്ധുവായ ഡൽഹി പോലീസ് ഉദ്യോഗസ്ഥനും ഇവർക്കൊപ്പം കന്പംമെട്ട് വരെ എത്തിയിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഡൽഹി സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഡൽഹിയിൽനിന്നു കോവിഡ് ബാധയുള്ള ഒന്പതു സംസ്ഥാനങ്ങളിലൂടെയാണ് ഇവർ യാത്ര ചെയ്തത്. മൂന്നു ദിവസവും ബ്രഡും വെള്ളവും മാത്രം കഴിച്ചായിരുന്നു ഇരുവരുടെയും യാത്ര.
കന്പംമെട്ട് പോലീസ് സ്റ്റേഷനിൽ ഭക്ഷണവും വിശ്രമവും നൽകിയ ശേഷം ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ഇവർക്കു പ്രത്യേക സൗകര്യങ്ങളോടെ ക്വാറന്റൈൻ ഏർപ്പെടുത്തുകയായിരുന്നു.
വാർധക്യ സഹജമായ അസുഖങ്ങൾക്കു പ്രത്യേകം മരുന്നുകളും നൽകിയിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ദന്പതികളെ കോട്ടയം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
അതിർത്തി മേഖലയിലെ ആദ്യ കോവിഡ് സ്ഥിരീകരണം ആശങ്കയോടെയാണ് പോലീസും ആരോഗ്യവകുപ്പും കാണുന്നത്. ഇവർ എത്തിയ ശേഷം ഇവരുമായി സന്പർക്കത്തിലെത്തിയവരെ നിരീക്ഷണത്തിലാക്കും.
ഇവർ എത്തിയ ഉടൻതന്നെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ കൂടുതൽ ആളുകളിലേക്കു വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ.