എസ്.ആർ.സുധീർകുമാർ
കൊല്ലം: കഴിഞ്ഞ ദിവസം കോവിഡ്- 19 സ്ഥിരീകരിച്ച കുളത്തൂപ്പുഴ സ്വദേശിയുടെ സമ്പർക്കം സംബന്ധിച്ച് പൂർണ വ്യക്തതയില്ലാത്തത് ആരോഗ്യ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വൻ വെല്ലുവിളിയായി.
തമിഴ്നാട്ടിൽ നിന്ന് തിരികെ വന്ന ശേഷം ഇയാൾ ആരുമായൊക്കെ ഇടപെട്ടു എന്നത് കൃത്യമായി ഉത്തരം കിട്ടാത്ത ചോദ്യമാണ്. യാത്രാമധ്യേ ഇയാൾ സഞ്ചരിച്ച വാഹനങ്ങളിൽ ഉണ്ടായിരുന്നവരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിരീക്ഷണങ്ങൾ കടുപ്പിച്ചതോടെ പോലീസും പെടാപ്പാട് അനുഭവിക്കുകയാണ്.
അതിർത്തിയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും കർശന നിരീക്ഷണത്തിലാണ് കടത്തി വിടുന്നത്. തമിഴ്നാട് അതിർത്തി മുതൽ ആര്യങ്കാവ് വരെയുള്ള പ്രദേശത്ത് അഞ്ചിടത്താണ് ഇന്നലെ മുതൽ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുള്ളത്.
ഇതുകൂടാതെ തിരുവനന്തപുരം -ചെങ്കോട്ട ദേശീയ പാതയിൽ കളത്തൂപ്പുഴ നെടുവന്നൂർ കടവിലെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിലും നിരീക്ഷണം ശക്തിപ്പെടുത്തി. വനിതാ ഫോറസ്റ്റ് ഗാർഡുകളടക്കം കൂടുതൽ ജീവനക്കാരെ ഇവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചു.
അതേ സമയം ആര്യങ്കാവിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകാനും തിരികെ വരാനും വനത്തിനുള്ളിൽ നിരവധി കുറുക്കുവഴികൾ ഉണ്ട്. ഇതിൽ പലതും വനപാലകർക്ക് പോലും വ്യക്തമല്ല. അവയെല്ലാം കണ്ടെത്തി നിരീക്ഷണം ഏർപ്പെടുത്തുന്നതും പോലീസിനും ഫോറസ്റ്റ് അധികൃതർക്കും വെല്ലുവിളി തന്നെയാണ്.
അതു കൊണ്ടു തന്നെ രാത്രിയും വനമേഖലയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കൂടാതെ പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, കടയ്ക്കൽ, മടത്തറ പ്രദേശങ്ങളിലും പോലീസ് പഴുതുകളില്ലാത്ത പരിശോധനകളാണ് നടത്തിയത്. ആരോഗ്യ പ്രവർത്തകർ ഇന്നലെ 11828 വീടുകൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തി.
പുതുതായി പത്തുപേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. മൂന്നു പേരെ ഒഴിവാക്കി. 22 പേർ ഇപ്പോൾ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്.
വീടുകളിൽ 77 പേരെ കൂടി നിരീക്ഷണത്തിലാക്കി. ആകെ ഹോം ക്വാറന്റയിനിൽ കഴിയുന്നവരുടെ എണ്ണം 1238 ആണ്. പരിശോധനയ്ക്ക് ഇതുവരെ അയച്ച 1260 സാമ്പിളുകളിൽ 1238 എണ്ണവും നെഗറ്റീവ് ആണ്. 22 ഫലം വരാനുണ്ട്.
ഇന്ന് ഫലം വന്ന രണ്ടെണ്ണവും നെഗറ്റീവ് ആണ്. പുതുതായി 20 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.കോവിഡ് – 19 സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടിൽ 385 പേരും രണ്ടാം സമ്പർക്കത്തിൽ 465 പേരുമാണുള്ളത്.
കുളത്തൂപ്പുഴ സ്വദേശിയടക്കം ആറുപേരാണ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
കൊവിഡ്-19 വ്യാപനം ജില്ലാ അതിർത്തി പ്രദേശങ്ങളിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ കൊല്ലം സിറ്റി അതിർത്തികളിൽ പോലീസ് കർശനമായ സുരക്ഷ ഏർപ്പെടുത്തുകയും വാഹന പരിശോധന ഉൾപ്പെടെ ശക്തമാക്കുകയും ചെയ്തു.
വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി ഇന്നലെ നിയമലംഘനത്തിന് 320 കേസുകൾ രജിസ്റ്റർ ചെയ്ത് 423 പേരെ അറസ്റ്റ് ചെയ്യുകയും 3 ബോട്ടുകളും 253 വാഹനങ്ങളും പിടിച്ചെടുത്തു.
ചവറ പോലീസ് സ്റ്റേഷൻ പരിധിയിൽ പന്മന പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചൻ നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പന്മന പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചതിൽ 9 പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ആലപ്പുഴ ജില്ലയിൽ യൂത്ത് കോണ്ഗ്രസ്സ് പ്രവർത്തകന് വെട്ടേറ്റതിൽ പ്രതിഷേധിച്ച് വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ 12 കേസ് രജിസ്റ്റർ ചെയ്ത് 53 പേരെ അറസ്റ്റ് ചെയ്തു.
നീണ്ടകരയിൽ അനുവദനീയമായിൽ കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിന് മൂന്ന് മത്സ്യബന്ധന ബോട്ടുകൾ കോസ്റ്റൽ പോലീസ് പിടിച്ചെടുത്ത് 55 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാന്പുകളിലും മറ്റ് സ്ഥലങ്ങളിലും എല്ലാ ദിവസങ്ങളിലും ബീറ്റ് ഓഫീസർമാർ സന്ദർശിച്ച് അവർക്കാവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകി വരുന്നു.
സ്വന്തം കുടുംബത്തിന്റെയും സമൂഹത്തിന്റേയും സുരക്ഷയെ കരുതി സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും നിയമ ലംഘനത്തിന് കടുത്ത നടപടികൾ ഉണ്ട ാകുമെന്നും സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി അറിയിച്ചു. പുനലൂർ: ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പുനലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡും പരിസരവും അണുവിമുക്തമാക്കി.
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സുശീലാ രാധാകൃഷ്ണൻ, ആരോഗ്യ വകുപ്പ് ജീവനക്കാരായ അജി.ജി.അരവിന്ദ്, സിനി, ഫയർ ഓഫീസർ മുരളീധരക്കുറുപ്പ്, എ ഷിജു, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.