അംബാനിയണ്ണാ നിങ്ങള്‍ ഒരു സംഭവമാണ് ! ഇനി എണ്ണയില്‍ കണ്ണുവച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ മുകേഷിന്റെ കൂടുമാറ്റം ബുദ്ധികൂര്‍മതയുടെ ദൃഷ്ടാന്തം; സുക്കര്‍ബെര്‍ഗ്-അംബാനി പുതിയ ഡീല്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍…

മുകേഷ് അംബാനി അങ്ങനെയാണ് മറ്റുള്ളവര്‍ ചിന്തിക്കാത്ത തലങ്ങളിലാണ് അംബാനിയുടെ സഞ്ചാരം. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ജിയോ.

ഡേറ്റയ്ക്കായി ടെലികോം ഉപയോക്താക്കളെ പിഴിഞ്ഞു കൊണ്ടിരുന്ന മറ്റ് ടെലികോം കമ്പനികളുടെ തലയില്‍ വെള്ളിടി വെട്ടിച്ചു കൊണ്ടായിരുന്നു ജിയോയുടെ രംഗപ്രവേശം. പിന്നീടെന്തു സംഭവിച്ചുവെന്ന് നമ്മള്‍ക്കെല്ലാം അറിയാം.

കഴിഞ്ഞ ദിവസം വീണ്ടും അംബാനി അത്തരമൊരു നീക്കത്തിലൂടെ ഏവരെയും ഞെട്ടിച്ചു. ഫേസ്ബുക്കിന് 9.9 ശതമാനം ഓഹരി വിറ്റുവെന്ന വാര്‍ത്ത ബിസിനസ് ടൈക്കൂണുകളെപ്പോലും അമ്പരപ്പിച്ചു കളഞ്ഞു.

ജിയോ അവതരിപ്പിക്കുമ്പോള്‍ അംബാനി പറഞ്ഞ ഒരു വാക്ക് ഇപ്പോള്‍ ഓര്‍മിക്കുകയാണ്. ഇതൊരു മൊബൈല്‍ കമ്പനിയല്ല, ഒരു സമ്പൂര്‍ണ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് എന്നായിരുന്നു അന്ന് അംബാനി പറഞ്ഞത്.

വോയ്‌സ് കോള്‍ പൂര്‍ണ സൗജന്യമാക്കിയും മൊബൈല്‍ ഇന്റര്‍നെറ്റിനു നേരിയ നിരക്കുമാത്രം ഈടാക്കിയും രാജ്യത്ത് മൊബൈല്‍-ഇന്റര്‍നെറ്റ് വിപ്ലവത്തിനു വഴിയൊരുക്കിയ കമ്പനിക്ക്, അതുപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടും ഓണ്‍ലൈന്‍ ഷോപ്പിങ്ങുമൊക്കെ സാധ്യമാക്കുകയാണ് വരുമാനത്തിന്റെ പുതിയ വഴി.

ഫേസ്ബുക്കിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല.ഫേസ്ബുക്കിനും വാട്‌സ് ആപ്പിനും ഇന്‍സ്റ്റഗ്രാമിനുമെല്ലാം ഏറ്റവുമധികം വരിക്കാരുള്ള രാജ്യമാണെങ്കിലും ഇതില്‍ നിന്ന് വരുമാനം നേടുന്ന അവസ്ഥയിലേക്ക് ഫേസ്ബുക്ക് എത്തിയിട്ടില്ല.

വാട്‌സ് ആപ്പിന് ചെറിയ വരിസംഖ്യ ഏര്‍പ്പെടുത്താനുള്ള നീക്കം ആളുകളുടെ നിസ്സഹകരണത്തെത്തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു.

ഇന്റര്‍നെറ്റ് ഉപയോഗിച്ച് രാജ്യത്തെ കോടിക്കണക്കിന് ചെറുകിട വ്യാപാരികളെയും സംരംഭകരെയും ഉപയോക്താക്കളെയും കൂട്ടിയിണക്കാനായാല്‍ അത് റിലയന്‍സിനും ഫെയ്‌സ്ബുക്കിനും തുറന്നുനല്‍കുന്ന സാമ്പത്തികാവസരങ്ങള്‍ എത്രയോ വലുതാണെന്ന കണ്ടെത്തലാണ് ഇപ്പോഴത്തെ ഇടപാടിലേക്ക് ഇരു കമ്പനികളെയും നയിച്ചത്.

മൊത്തം ചെറുകിട വ്യാപാരത്തിന്റെ ഏതാണ്ട് 80 ശതമാനവും അസംഘടിത പലചരക്ക് കടകളിലൂടെയാണ് നടക്കുന്നത്. അടുത്ത വര്‍ഷം ചില്ലറ വില്‍പ്പന രംഗം 90 ലക്ഷം കോടി രൂപയുടേതാകുമെന്നാണ് കണക്കുകൂട്ടല്‍.

അപ്പോഴും 75% ഇത്തരം വ്യാപാരികളുടെ പക്കലായിരിക്കും. 18% സംഘടിത റീട്ടെയില്‍ മേഖലയും 7% ഓണ്‍ലൈന്‍ വ്യാപാരക്കമ്പനികളും കൈകാര്യം ചെയ്യും. സംഘടിത ചല്ലറവില്‍പനശൃംഖലകളില്‍ ഏറ്റവും വലുത് റിലയന്‍സ് റീട്ടെയില്‍ ആണ്.

റീട്ടെയിലും ഓണ്‍ലൈന്‍ റീട്ടെയിലും ചെറിയ പലചരക്കുകടകളും ഒരു ശൃംഖലയിലെത്തിക്കുന്ന ജിയോമാര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ മുംബൈ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

മൊബൈല്‍-ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം കയ്യിലുള്ള ജിയോയുടെ റീട്ടെയില്‍ വ്യാപാര ലക്ഷ്യങ്ങള്‍, ഓണ്‍ലൈന്‍ വ്യാപാരക്കമ്പനികളായ ആമസോണിന്റെയും ഫ്‌ളിപ്പ്കാര്‍ട്ടിന്റെയുമൊക്കെ ചങ്കിടിപ്പ് കൂട്ടും.

Related posts

Leave a Comment