ചങ്ങനാശേരി: കോവിഡ് 19നെ പ്രതിരോധിക്കുന്പോൾ ജനങ്ങൾക്കൊപ്പം നിന്ന് പ്രോൽസാഹനം നൽകുകയാണ് ചങ്ങനാശേരി കേന്ദ്രമാക്കിയുള്ള റേഡിയോ മീഡിയാ വില്ലേജ്.
രാവിലെ അഞ്ചു മുതൽ തുടങ്ങുന്ന പ്രക്ഷേപണത്തിൽ ജനങ്ങൾ പാലിക്കേണ്ട ആരോഗ്യ ശീലങ്ങളും മുൻകരുതലുകളും ഓർമിപ്പിക്കുന്നതിനൊപ്പം അത്യാവശ്യക്കാർക്ക് സഹായകരമായ പരിപാടികളും റേഡിയോയിലൂടെ അവതരിപ്പിക്കാനാണ് റേഡിയോ മീഡിയാ വില്ലേജ് ശ്രദ്ധ പുലർത്തുന്നത്.
പരിപാടികൾക്ക് സ്റ്റേഷൻ ഡയറക്ടർ ഫാ. ആൻറണി ഏത്തക്കാട്ടാണ് നേതൃത്വം നൽകുന്നത്. മാർച്ച് 22ലെ ജനതാ കർഫ്യൂവിനു പിന്നാലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒറ്റയാൾ പോരാട്ടവുമായി സ്റ്റേഷന്റെ പ്രോഗ്രാം ഹെഡ് വിപിൻ രാജ് കർമനിരതനായിരുന്നു.
അന്നു മുതൽ ഇതുവരെ എന്നും പത്തു മണിക്കൂറിലധികം വിവിധ റേഡിയോ പ്രോഗ്രാമുകൾ തയാറാക്കി അവതരിപ്പിക്കുന്നതിന് സാധിച്ചതായും ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരും അനുഭവമെന്നും വിവിൻ രാജ് പറഞ്ഞു.
18 പേർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ലോക്ക്ഡൗണ്‍ മൂലം ആർക്കും എത്താൻ കഴിയുന്നില്ല. അഞ്ചുപേർ വീട്ടിലിരുന്ന് പ്രോഗ്രാമുകൾ ചെയ്ത് അയയ്ക്കുന്നുണ്ട്. അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോഫി പുതുപ്പറന്പിൽ, സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഫാ.ജോസഫ് പാറക്കൽ എന്നിവരും റേഡിയോയിൽ പ്രോഗ്രാമുകൾ തയാറാക്കുന്നുണ്ട്.
മരുന്ന്, ഭക്ഷണം, സാന്പത്തിക പ്രതിസന്ധി എന്നീ കാര്യങ്ങൾ പറഞ്ഞു കൊണ്ട് നിരവധി പേർ ഫോണിൽ വിളിച്ച് സഹായം ആവശ്യപ്പെട്ടിരുന്നു. ഈ പരിപാടി റേഡിയോയിലൂടെ കേൾക്കുന്നവർ ഫോണ്‍ നന്പർ ശേഖരിച്ച് ഇവരെ സഹായിക്കാൻ മുന്നോട്ടുവന്നു.
മൂന്നാർ, മുണ്ടക്കയം, കട്ടപ്പന, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ റേഡിയോയുടെ പ്രക്ഷേപണം ലഭിക്കുന്നുണ്ട്. വിദേശങ്ങളിലുള്ള മലയാളി നഴ്സുമാരും മറ്റുള്ളവരും അവരുടെ അനുഭവങ്ങളും നേരിടുന്ന പ്രശ്നങ്ങളും ഫോണ്‍ മുഖേന റേഡിയോ മീഡിയാ വില്ലേജിലൂടെ നാട്ടിലെ മലയാളികളുമായി പങ്കുവയ്ക്കുന്നുണ്ട്.