കോട്ടയം: കോട്ടയം മാർക്കറ്റിലെത്തി തണ്ണിമത്തൻ ഇറക്കി മടങ്ങിയ ലോറി ഡ്രൈവറുടെ പരിശോധന ഫലം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്.
നിലവിൽ കോട്ടയത്ത് എത്തിയയാൾക്കും ഇയാളുമായി സന്പർക്കം പുലർത്തിയ 17 പേർക്കും രോഗ ലക്ഷണങ്ങളില്ലെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെയും ലോറി ഡ്രൈവറുടെയും സാന്പിൾ പരിശോധനാ ഫലം ഇന്നു ലഭിച്ചേക്കും. എല്ലാവരും നിരീക്ഷണത്തിലാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോറി കോട്ടയം മാർക്കറ്റിലെ ടിഎസ്കെ ഫ്രൂട്ട്സ് എന്ന പഴക്കടയിലെത്തി തണ്ണിമത്തൻ ഇറക്കിയത്. ഈ ലോറി ഡ്രൈവർക്ക് ഒപ്പമുണ്ടായിരുന്ന ഡ്രൈവർക്ക് കോവിഡ് സ്ഥീരികരിച്ചുവന്നറിഞ്ഞതോടെയാണ് ആരോഗ്യവകുപ്പ അധികൃതർ ഇന്നലെ കടയിലെത്തി താൽക്കാലികമായി കട അടപ്പിച്ചത്.
ചൊവാഴ്ച ലോഡിറക്കിയശേഷം പാലക്കാട്ടേക്ക് പുറപ്പെട്ട ഡ്രൈവറെ യാത്രാമധ്യേ ബുധനാഴ്ച പുലർച്ചെ 1.30ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചാണു സാന്പിളെടുത്തത്. തുടർന്ന് ആംബുലൻസിൽ പാലക്കാട് ജനറൽ ആശുപത്രിയിലേക്കയച്ച് ഐസോലേഷൻ വിഭാഗത്തിലാക്കി.
തമിഴ്നാട്ടിലെ ഡിണ്ടിവനത്തു നിന്നു തണ്ണിമത്തൻ ലോഡുമായി ദിവസങ്ങൾക്കു മുന്പു പുറപ്പെട്ട ലോറിയിൽ രണ്ടു ഡ്രൈവർമാരായിരുന്നു ഉണ്ടായിരുന്നത്. പാലക്കാട് വച്ചുള്ള പരിശോധനയിൽ ശരീരോഷ്മാവ് കൂടിയതായി കണ്ടെത്തിയ ഒരു ഡ്രൈവറോട് നിരീക്ഷത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചതോടെ ഒപ്പുമുണ്ടായിരുന്ന സഹായി ഡ്രൈവറാണ ലോറിയുമായി കോട്ടയത്തേക്കു പോന്നത്.
പരിശോധനയുടെ ആദ്യഘട്ടമെന്ന നിലയിലാണു കട അടപ്പിച്ചതായും കടയിലുള്ള പഴങ്ങൾക്കു കുഴപ്പമില്ലെന്നും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിക്കാത്തവരെ ഉപയോഗിച്ചു കട തുറന്നു പ്രവർത്തിപ്പിക്കുന്നതിൽ തടസമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.