കോവിഡിനെപ്പറ്റി കേവലമൊരു ശ്വാസകോശ രോഗം എന്നതിനപ്പുറത്തേക്ക് ചിന്തിക്കേണ്ടി വരും ! അമേരിക്കയിലെ കോവിഡ് രോഗികളുടെ രക്തത്തിലുണ്ടാകുന്ന മാറ്റം അസാധാരണം; എന്തു ചെയ്യണമെന്നറിയാതെ ഡോക്ടര്‍മാര്‍…

കോവിഡിനെപ്പറ്റി കേവലമൊരു ശ്വാസകോശ രോഗം എന്നതിനപ്പുറത്തേക്ക് ചിന്തിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍.

അമേരിക്കയിലെ കോവിഡ് ബാധിതരുടെ രക്തത്തില്‍ സംഭവിക്കുന്ന അസാധാരണ അവസ്ഥയാണ് ഡോക്ടര്‍മാരെയാകെ ആശങ്കാകുലരാക്കുന്നത്.

ന്യൂയോര്‍ക്ക് സിറ്റിയിലെ മൗണ്ട് സിനായ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാരാണ് രോഗികളുടെ വിവിധ ആന്തരികഅവയവങ്ങളില്‍ രക്തം കട്ടിയാകുന്നതും കട്ട പിടിക്കുന്നതും അസാധാരണ സാഹചര്യമായി ചൂണ്ടിക്കാട്ടിയത്.

കൊറോണ വൈറസ് ഒരാളുടെ ശരീരത്തെ എത്ര ഗുരുതരമായി ബാധിക്കുമെന്നതിന്റെ സൂചനയാണിതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.

മറ്റൊരു വൈറസും ഇത്തരം അവസ്ഥയ്ക്കു കാരണമാകുന്നതായി താന്‍ കണ്ടിട്ടില്ലെന്ന് ഫിലാഡല്‍ഹിയയിലെ തോമസ് ജെഫേഴ്സണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോ. പാസ്‌കല്‍ ജബ്ബര്‍ പറഞ്ഞു.

മൗണ്ട് സിനായ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കിഡ്നി ഡയാലിസിസ് കത്തീറ്ററുകള്‍ കട്ട പിടിച്ച രക്തം കൊണ്ട് അടയുന്നതായി ശ്രദ്ധയില്‍പെടുത്തി.

വെന്റിലേറ്ററില്‍ കഴിയുന്ന ചില രോഗികളുടെ ശ്വാസകോശത്തിന്റെ ചില ഭാഗങ്ങളില്‍ രക്തമില്ലാത്ത അവസ്ഥയാണുള്ളതെന്ന് പള്‍മണോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

വൈറസ് സാന്നിധ്യമുള്ള പ്രായം കുറഞ്ഞ രോഗികള്‍ക്കു പോലും രക്തം കട്ടപിടിച്ചുണ്ടാകുന്ന മസ്തിഷ്‌കാഘാതം കൂടുന്നുവെന്നാണ് ന്യൂറോ സര്‍ജന്മാരുടെ അഭിപ്രായം.

ഒരു ശ്വാസകോശ രോഗം എന്നതിനപ്പുറത്തേക്ക് കോവിഡിനെപ്പറ്റി ചിന്തിക്കേണ്ടി വരുമെന്ന് ആശുപത്രിയിലെ ന്യൂറോ സര്‍ജന്‍ ഡോ.ജെ. മോക്കോ പറയുന്നു.

ചില അവസരങ്ങളില്‍ ചെറിയ രോഗലക്ഷണമുള്ള ചെറുപ്പക്കാര്‍ക്കാണു സ്ട്രോക്ക് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് പകുതിക്കു ശേഷം 31 പേര്‍ക്കാണു തലച്ചോറില്‍ വലിയ തോതില്‍ രക്തം കട്ടപിടിച്ച് മസ്തിഷ്‌കാഘാതം ഉണ്ടായതെന്നു ഡോ. മോക്കോ പറഞ്ഞു.

സാധാരണ അവസ്ഥയേക്കാള്‍ ഇരട്ടി രോഗികളാണിത്. ഇതില്‍ അഞ്ചു പേര്‍ 49 വയസ്സിനു താഴെയുള്ളവരായിരുന്നു.

സ്ട്രോക്കുണ്ടാകാനുള്ള ഒരു സാധ്യതയും അവര്‍ക്കുണ്ടായിരുന്നില്ലെന്നും ഒരാള്‍ക്കു വെറും 31 വയസ്സ് മാത്രമേ ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

വെന്റിലേറ്ററില്‍ കഴിഞ്ഞ നിരവധി രോഗികളുടെ വെന്റിലേറ്റര്‍ റീഡിംഗ് ഞെട്ടിക്കുന്നതായിരുന്നുവെന്ന് ആശുപത്രിയിലെ ശ്വാസകോശ വിദഗ്ധന്‍ ഡോ. ഹൂമാന്‍ പുവര്‍ പറഞ്ഞു.

സാധാരണ ന്യൂമോണിയ രോഗികളില്‍ കാണുന്ന അവസ്ഥയിലായിരുന്നില്ല ശ്വാസകോശങ്ങള്‍. ശ്വാസമെടുക്കുമ്പോള്‍ സ്വതന്ത്രമായി രക്തചംക്രമണം നടക്കുന്നുണ്ടായിരുന്നില്ല.

വൃക്ക വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെയും സമാനപ്രശ്നങ്ങള്‍ ഉള്ളതായി അറിഞ്ഞുവെന്നും ഡോ. ഹൂമാന്‍ പറഞ്ഞു.

ചൈനയില്‍ രോഗം പടര്‍ന്നുപിടിച്ച ഹ്യൂബെ പ്രവിശ്യയിലെ ചില ഡോക്ടര്‍മാര്‍ക്കും ഇതേ അനുഭവം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

കാര്യങ്ങള്‍ ഇത്തരത്തിലായ സ്ഥിതിയ്ക്ക് പുതിയ ചികിത്സാ രീതി പരീക്ഷിച്ചേ മതിയാവൂ എന്ന അഭിപ്രായമാണ് ഡോക്ടര്‍മാരെല്ലാം പങ്കുവയ്ക്കുന്നത്.

രോഗികളില്‍ രക്തം കട്ടിയാവുന്നതിന്റെ സൂചനകള്‍ പ്രകടമാവുന്നതിനു മുമ്പുതന്നെ മരുന്നു നല്‍കി രക്തത്തിന്റെ കട്ടി കുറയ്ക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നത്.

ഇത് രോഗം ഗുരുതരമാവാനുള്ള സാധ്യത കുറയ്ക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ചില രോഗികളില്‍ ഈ ചികിത്സ വിപരീത ഫലമുണ്ടാക്കാനുള്ള സാധ്യതയുമുണ്ടെന്നും ഇവര്‍ നിരീക്ഷിക്കുന്നു.

Related posts

Leave a Comment