റിയാദ്: കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന വിദേശികൾക്കു രജിസ്ട്രേഷൻ സൗകര്യവുമായി സൗദി അറേബ്യ. ഔദ (മടക്കം) എന്ന പേരിലുള്ള റജിസ്ട്രേഷൻ പോർട്ടൽ റീഎൻട്രി വീസ, ഫൈനൽ എക്സിറ്റ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.
എന്നാൽ, പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തീരുമാനിച്ചിട്ടില്ലെന്നു സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സൗദി പ്രത്യേക ഫ്ളൈറ്റുകൾ ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
വിമാന സർവീസ് തുടങ്ങുന്നതോടെ മുൻഗണന അനുസരിച്ച് യാത്ര ചെയ്യാൻ സൗകര്യമൊരുക്കും. രാജ്യം കോവിഡ് മുക്തമാകുന്നതോടെ തിരിച്ചുവരാനും കഴിയുമെന്നും സൗദി അറിയിച്ചു.
അതിനിടെ കോവിഡ് ബാധിച്ച് അഞ്ചു പേർകൂടി സൗദി അറേബ്യയിൽ മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 114 ആയി. ഒരു ഇന്ത്യക്കാരൻകൂടി മരിച്ചതോടെ സൗദിയിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം രണ്ടു മലയാളികൾ ഉൾപ്പെടെ 11 ആയി. 12,772 രോഗബാധിതരുള്ള സൗദിയിൽ 24 മണിക്കൂറിനുള്ളിൽ മാത്രം 1,141 പേർക്കു വിവിധ പ്രവിശ്യകളിലായി രോഗം സ്ഥിരീകരിച്ചു.
ബുധനാഴ്ച മരിച്ച അഞ്ച് പേരും മക്കയിൽനിന്നുള്ള വിദേശ പൗരന്മാരാണ്. ഇവരെല്ലാം തന്നെ അമ്പതിനും എഴുപത്തിയാറിനും മധ്യേ പ്രായമുള്ളവരാണ്. ഇതുവരെ രാജ്യത്ത് 1,812 പേരുടെ രോഗം പൂർണമായും സുഖമായി.
10,844 കോവിഡ് പോസിറ്റീവ് രോഗികളാണ് വിവിധ ഐസൊലേഷൻ കേന്ദ്രങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 82 പേരുടെ നില ഗുരുതരമാണ് എന്നും ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു