തിരുവനന്തപുരം: വെല്ലുവിളികളെ അതിജീവിച്ച് തിരുമല കുന്നപ്പുഴ സ്വദേശികളായ പ്രഭാ ഉണ്ണിയുെടെയും രാധാകൃഷ്ണന് ഉണ്ണിയുടെയും മകളായ രാജി രാധാകൃഷ്ണനും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളിയാകുകയാണ്.
മാസ്ക് നിര്‍മാണത്തിന് സ്വയം തയ്യാറായി മുന്നോട്ട് വരികയായിരുന്നു ഭിന്നശേഷിക്കാരിയായ രാജി. ഇതിനകം ആയിരക്കണക്കിന് മാസ്കുകള്‍ വീട്ടില്‍ സ്വയം നിര്‍മിച്ച് പോലീസുകാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി വിതരണം നടത്തിയിട്ടുണ്ട്.
ഇനിയും കഴിയുന്നത്രയും മാസ്കുകള്‍ നിര്‍മിച്ച് സൗജന്യമായി ആരോഗ്യ മേഖയിലെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിനും രാജി തയ്യാറാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന രാജി തന്റെ അമ്മയില്‍ നിന്നുമാണ് തയ്യല്‍ കണ്ടുപഠിച്ചത്.
സ്വന്തമായി തയ്യാറാക്കിയ മാസ്കുകളുമായി രാജി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയെ കാണുകയും അത് കൈമാറുകയും ചെയ്തു. രാജിയുടെ ഈയൊരു പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു.
വീട്ടിലിരിക്കുന്ന രാജിയെപ്പോലുള്ള തയ്യലറിയാവുന്നവര്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള മാസ്ക് നിര്‍മ്മാണവുമായി മുന്നോട്ട് വരണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
വികലാംഗ ക്ഷേമ കോര്പ്പറേഷന് ചെയര്മാന് അഡ്വ. പരശുവയ്ക്കല്‍ മോഹനന്, മാനേജിംഗ് ഡയറക്ടര്‍ മൊയ്തീന്‍കുട്ടി എന്നിവര്‍ സന്നിഹിതരായി.