രണ്ടു രാജ്യങ്ങൾ, രണ്ട് ഡോക്ടർമാർ.. ഒരാൾ തമിഴ്നാട്ടിൽനിന്നുള്ള ന്യൂറോസർജൻ ഡോ.സൈമൺ ഹെർക്കുലീസ്, മറ്റൊരാൾ അമേരിക്കയിൽനിന്നുള്ള ഇന്ത്യക്കാരി ഡോക്ടർ ഉമ മധുസൂദനൻ. രണ്ടുപേരും കോവിഡിനോടു പടപൊരുതിയവർ.
ആ പോരാട്ടത്തിനിടയിൽ ഒരാൾക്കു ജീവൻ വെടിയേണ്ടി വന്നു, ഡോ.സൈമൻ ഹെർക്കുലീസിന്. എന്നാൽ, രണ്ടുപേരോടും സമൂഹം പെരുമാറിയതു രണ്ടു സമൂഹം പെരുമാറിയത് രണ്ടു തരത്തിൽ.
ആദരം വീട്ടുപടിക്കൽ
സ്വന്തം ജീവൻ പോലും അവഗണിച്ചുകൊണ്ട് കോവിഡ് രോഗികളെ ചികിത്സിച്ചു മരണത്തിനു കീഴടങ്ങിയ ഡോ. സൈമൺ നാട്ടുകാരാൽ ബഹിഷ്കരിക്കപ്പെട്ടപ്പോൾ അമേരിക്കയിൽ കോവിഡ് രോഗികളെ ചികിത്സിച്ച ഇന്ത്യക്കാരിയായ ഡോ. ഉമ മധുസൂദനന് അമേരിക്കൻ ജനത നൽകിയത് ഹൃദ്യമായ ആദരം.
സൗത്ത് വിൻഡ്സർ ആശുപത്രിയിൽ സേവനം ചെയ്യുന്ന മൈസൂരു സ്വദേശിനിയായ ഡോ. ഉമ തന്റെ വീടിനു മുന്നിൽ സല്യൂട്ട് സ്വീകരിക്കുന്നതാണ് വീഡിയോയിൽ.
നിരവധി വാഹനങ്ങളിലെത്തി പൂക്കൾ സമർപ്പിച്ചും അഭിനന്ദന പോസ്റ്റർ നിരത്തിയുമൊക്കെയാണ് ഉമയ്ക്ക് അവർ ആദരം അർപ്പിച്ചത്.
ജീവൻ നൽകിയിട്ടും
അതേസമയം, മറ്റൊരു വീഡിയോയിൽനിറയുന്നത് കോവിഡ് ബാധിച്ചു മരിച്ച ഡോ. സൈമണിന്റെ മൃതദേഹം സംസ്കരിക്കുന്നതിനു പോലും അനുവദിക്കാതെ ഒരുപറ്റമാളുകൾ ആംബുലൻസ് അടക്കം കല്ലും വടിയുമായി ആക്രമിക്കുന്നതാണ്.
ചെന്നൈ കോർപറേഷൻ ശ്മശാനത്തിലും പിന്നീട് അണ്ണാനഗറിലെ ശ്മശാനത്തിലും സംസ്കാരത്തിനായി എത്തിച്ചെങ്കിലും രണ്ടിടത്തും നാട്ടുകാർ അക്രമാസക്തരായി.
അദ്ദേഹത്തിന്റെ മൃതദേഹം ഇവിടെ സംസ്കരിച്ചാൽ തങ്ങൾക്കും കോവിഡ് വരുമെന്ന ആരോ പ്രചരിപ്പിച്ചതു വിശ്വസിച്ചാണ് ഇവർ ആംബുലൻസ് ആക്രമിച്ചത്.
ആരോഗ്യപ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും ആംബുലൻസ് ഡ്രൈവർക്കുവരെ മർദനമേറ്റു. കല്ലേറിൽ ആംബലൻസ് ഡ്രൈവറുടെ തലപൊട്ടി. അവർ ജീവനുംകൊണ്ട് തിരികെപ്പോയി. തുടർന്ന് വൻ പോലീസ് സന്നാഹത്തോടെ വീണ്ടും മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചു.
എന്നാൽ, ആംബുലൻസ് ഓടിക്കാൻ പലരും ധൈര്യപ്പെട്ടില്ല. എന്നാൽ, ജീവിച്ചിരുന്നപ്പോൾ രോഗികൾക്കുവേണ്ടി ഏറെ ജോലി ചെയ്ത ആ സഹപ്രവർത്തകന്റെ മൃതദേഹം സംസ്കരിക്കാനുള്ള ദൗത്യം ഡോക്ടർതന്നെ ഏറ്റെടുത്തു.
പോലീസ് സംരക്ഷണം നൽകിയതോടെ ആംബുലൻസ് ഓടിക്കാനും കുഴിയെടുത്തു മൃതദേഹം സംസ്കരിക്കാനും അവർ മുന്നിട്ടിറങ്ങി. ലോകം മുഴുവനും ആരോഗ്യപ്രവർത്തകരുടെ തോളിലേറി കോവിഡിനെ നേരിടുമ്പോൾ രോഗികൾക്കു വേണ്ടി രക്തസാക്ഷിയായ ഒരു ഡോക്ടർക്കുണ്ടായ ദുരനുഭവം ഏറെ ഞെട്ടലുളവാക്കിയിരുന്നു.
കണ്ണു നിറയുന്നു
വിഷയത്തെക്കുറിച്ചു പി.കെ. സുനിൽ എന്ന ഡോക്ടർ ഫേസ്ബുക്കിലിട്ട കുറിപ്പ് ഏവരുടെയും മനസിനെ തൊടുന്നതായിരുന്നു. വേണ്ടത്ര സുരക്ഷാ ഉപാധികളില്ലാതെ പേരിന് ഒരു ടൂ ലയർ മാസ്ക് മാത്രം ധരിച്ച്, കോവിഡാണോ അല്ലയോ എന്നൊന്നും വേർതിരിച്ചറിയാൻ കഴിയാത്ത എത്രയെത്ര രോഗികളെ കാണേണ്ടി വരുന്നു ഡോക്ടർമാരും നേഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക്.
എന്നിട്ടും ഒടുക്കം അവർക്കു ബാക്കിയാവുന്നതെന്താണ്? ദൈവങ്ങളെന്നും മാലാഖമാരെന്നുമുള്ള വാഴ്ത്തിപ്പാടലുകൾക്കപ്പുറത്ത് അവശേഷിക്കുന്നത് ഈ കല്ലുകളും വടികളും വേദനയുമാണ്.
തീയിലേക്കു പറന്നു വീണ് എരിഞ്ഞടങ്ങുന്ന ഈയാംപാറ്റകളെപ്പോലെ കോവിഡ് എന്ന മഹാമാരിയിലേക്കു വീണൊടുങ്ങാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പൊരുതാനിറങ്ങുകയാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ. കൊറോണ വൈറസിനെതിരേ അവർ പലപ്പോഴും നിരായുധരുമാണ്.
അവർക്കെതിരേ കൂർത്ത വാക്കുകളും ആയുധങ്ങളും പ്രയോഗിക്കാതിരിക്കാനുള്ള മനുഷ്യത്വമെങ്കിലും ഈ സമൂഹം ബാക്കിവയ്ക്കേണ്ടതുണ്ടെന്നും സുനിൽ കണ്ണുനിറയ്ക്കുന്ന വാക്കുകളോടെ ഓർമിപ്പിക്കുന്നു.