ലിവർപൂൾ: ആരാധികേ…മഞ്ഞുരുകും വഴിയരികേ… കോവിഡ്ക്കാലത്ത് ഇതൊരു മാലാഖസംഗീതം പോലെ കാതുകളിലേക്ക് ഒഴുകിയെത്തുന്നു, ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും കുളിർമഴയായി.
കോവിഡ് പോരാട്ടത്തിൽ അണിചേർന്നിരിക്കുന്ന മലയാളി നഴ്സുമാരുടെയും ഡോക്ടർമാരുടെയും മധുരസ്വരത്തിൽ ഒരിക്കൽകൂടി ഇതു കേൾക്കുന്പോൾ നാം തിരിച്ചറിയും, സംഗീതം ഒരു ഔഷധമാണ്.
ജോൺപോൾ ജോർജ് സംവിധാനം ചെയ്ത അന്പിളി എന്ന ചിത്രത്തിലെ ആരാധികേ എന്നു തുടങ്ങുന്ന പ്രശസ്ത ഗാനമാണ് വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരും ആരോഗ്യപ്രവർത്തകരും ചേർന്നു പാടിയിരിക്കുന്നത്.
ടിവി ചാനലുകളിലൂടെ ശ്രദ്ധേയനായ ഗായകൻ ഫാ. വിൽസൺ മേച്ചേരി എംസിബിഎസിന്റെ നേതൃത്വത്തിലാണ് ഈ ഗാനത്തിന്റെ വേറിട്ട അവതരണം ഒരുക്കിയത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറൽ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ് നൽകിയ പ്രചോദനത്തിലാണ് ഓസ്ട്രിയയിൽ ശുശ്രൂഷ ചെയ്യുന്ന ഫാ. വിൽസൺ പുതിയ പരീക്ഷണം നടത്തിയത്.
ബ്രിട്ടൻ, ഓസ്ട്രിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ കോവിഡ് പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാരും നഴ്സുമാരുമാണ് ഫാ.വിൽസനെ കൂടാതെ ഇതിൽ പാടുന്നത്.
പാടുന്നവരിൽ കോവിഡ് ബാധിച്ചവരുമുണ്ട്. സഹനങ്ങൾ ഏറ്റെടുത്തിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കു പ്രചോദനമാകട്ടെ എന്ന ചിന്തയിൽനിന്നാണ് ഈ സംരംഭത്തിന്റെ തുടക്കമെന്നു ഫാ. ജിനോ അരീക്കാട്ട് ദീപികയോടു പറഞ്ഞു.
പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്പിളി. ചിത്രത്തിനൊപ്പം ഈ ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു.
കഷ്ടപ്പാടുകളുടെ ഈ സമയത്തു പ്രതീക്ഷ പകരുന്ന ഒരാശയം മുന്നോട്ടു വച്ചപ്പോള്‍ സംവിധായകന് ജോണ്‍ പോള്‍ അതിനെ രണ്ടു കൈയും നീട്ടി സ്വീകരിച്ചെന്നു ഫാ. ജിനോ പറഞ്ഞു. അദ്ദേഹംതന്നെ മുന്‍കൈയെടുത്താണ് സിനിമയില്‍ ഉപയോഗിച്ച ട്രാക്ക് ഇതിനായി അയച്ചുതന്നത്.
ആരാധികേ.. എന്നു തുടങ്ങുന്ന ഗാനം ഇതിനായി തെരഞ്ഞെടുത്തത് ഫാ. വില്‍സനാണ്. കോവിഡ് ഭീതിപരത്തിയ ആദ്യനാളുകളില്‍ ചൈനയിലെ ജനങ്ങള്‍ക്കു വലിയ താങ്ങായിനിന്ന ചൈനീസ് മിഷനറി വൈദികന് ഫാ. ജിജോ കണ്ടംകുളത്തിലും ദേവമാതാ കോളജ് റിസര്‍ച്ച് ഗൈഡ് ഡോ. സിസ്റ്റർ ആന്പോള് എസ്എച്ചും അണിയറയിൽ എല്ലാ സഹായങ്ങളും ഒരുക്കിനൽകി.
ഷൈമോൻ തോട്ടുങ്കൽ