കോട്ടയം: ലോക്ഡൗണ്‍ കാലത്തും എലിക്കുളത്തെ നാട്ടുചന്തയിൽ തിരക്കിനു കുറവില്ല. ഒരു ഗ്രാമത്തിന്റെ മാത്രമല്ല സമീപപ്രദേശങ്ങളിൽനിന്നുവരെയുള്ള കർഷകരാണ് ഇവിടെ സാധനങ്ങൾ വിൽക്കുവാനും വാങ്ങുവാനും എത്തുന്നത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാരിന്റെ നിർദേശങ്ങൾ പൂർണമായും പാലിച്ചാണു ചന്തയുടെ പ്രവർത്തനം. എല്ലാ വ്യാഴാഴ്ചയും നടക്കുന്ന നാട്ടുചന്തയിലേക്കുളള കർഷകരുടെ ഉത്പന്നങ്ങൾ സംഘാടകർ വീട്ടിലെത്തി കൈപ്പറ്റും.
കർഷകന്റെ ഉത്പന്നത്തിന്റെ അളവും തൂക്കവും നോക്കി നാട്ടുചന്തയിൽ വയ്ക്കുന്നു. നാലുപേരെ വീതം ചന്തയിൽ പ്രവേശിപ്പിക്കുന്നു. കർഷകന് ഉത്പന്നതുക പിന്നീട് നേരിട്ടു നല്‍കും.
ഓരോ ആഴ്ചയിലും ഇരുനൂറിലേറെ ആളുകൾ എത്തിക്കൊണ്ടിരുന്ന നാട്ടു ചന്തയിൽ പരസ്യലേലം ഒഴിവാക്കിയതുമൂലം ഇപ്പോൾ നൂറിലേറെ പേർ മാത്രമാണ് എത്തുന്നത്. എലിക്കുളം പഞ്ചായത്ത്, കൃഷിഭവൻ, തളിർ പച്ചക്കറി ഉത്പാദക സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നാട്ടുചന്തയുടെ പ്രവർത്തനം.
കഴിഞ്ഞ ജൂലൈയിൽ പാലാ-പൊൻകുന്നം റൂട്ടിൽ കുരുവിക്കൂട് ജംഗ്ഷനിൽ തുടക്കമായ നാട്ടുചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ കാസർഗോഡ് കുള്ളൻ പശുവിനെ ലേലം വിളിച്ചാണ് ഉദ്ഘാടനം ചെയ്തത്.
തുടർന്നുള്ള ആഴ്ചകളിൽ പശു, ആട്, കോഴി, മുയൽ തുടങ്ങി പക്ഷിമൃഗാദികളുടെ ലേലമായിരുന്നു നാട്ടുചന്തയുടെ മുഖ്യ ആകർഷണം. ലോക് ഡൗണായതോടെ നാട്ടുചന്തയിലെ പരസ്യലേലം ഒഴിവാക്കിയിരിക്കുകയാണ്.
കർഷകർ സ്വന്തമായി കൃഷി ചെയ്ത വാഴക്കുലകൾ, പച്ചക്കറികൾ, ചേന, ചേന്പ്, കാച്ചിൽ എന്നിവയ്ക്കു പുറമേ നാടൻ കോഴിമുട്ട, പക്ഷി മൃഗാദികൾ, വളർത്തുമീൻ, വീടുകളിൽ നിർമിക്കുന്ന കറിക്കൂട്ടുകൾ, നാടൻ തേൻ, എലിക്കുളത്തെ പാടശേഖരങ്ങളിൽ വിളഞ്ഞ അരി, ഉഴുന്ന് തുടങ്ങി നാടൻ കറിവേപ്പില വരെ വില്പനയ്ക്കുണ്ട്.
എല്ലാ വ്യാഴാഴ്ചയും രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെയാണ് നാട്ടുചന്തയുടെ പ്രവർത്തനം. നാട്ടുചന്തയോടു ചേർന്ന് ഇക്കോ ഷോപ്പും പ്രവർത്തിക്കുന്നുണ്ട്.