ആലുവ: ലോക്ക് ഡൗണിൽ അടച്ചിട്ടിരിക്കുന്ന കടകളിൽ മോഷണം. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിലെ രണ്ടു കടകളിൽ ഇന്നലെ പുലർച്ചെ മോഷണവും രണ്ടു കടകളിൽ മോഷണശ്രമവും നടന്നു.
ആലുവ സ്വദേശി പുതിയവീട്ടിൽ ബദറുദ്ദീൻ നടത്തുന്ന എസ്ബിഐ സർവീസ് പോയിന്റിൽനിന്നു ലാപ്ടോപ്പും 15,000 രൂപയും കവർന്നു. നിരവധി അതിഥിത്തൊഴിലാളികൾ സ്വന്തം നാട്ടിലേക്കു പണം അയയ്ക്കാൻ ദിവസേന എത്തിയിരുന്ന സ്ഥാപനമാണിത്.
ഈ കടയ്ക്ക് എതിർവശത്തുള്ള എംഎം സ്റ്റോഴ്സിന്റെ താഴ് തകർത്ത് അകത്തു കടന്നു 3500 രൂപ മോഷ്ടിച്ചു. തലശേരി സ്വദേശി ഷഫീഖ് എന്നയാളുടെ മൊബെൽ ഹബിന്റെ താഴ് തകർത്തെങ്കിലും മോഷ്ടാവിന് അകത്ത് കയറാനായില്ല.
ഇവിടെ മറ്റൊരു കടയിലും മോഷണശ്രമം നടന്നു. ഇതിൽ പലചരക്കുകടയായ എംഎം സ്റ്റോഴ്സ് മാത്രമാണ് തുറന്നു പ്രവർത്തിച്ചിരുന്നത്. ആലുവ സിഐ സൈജു കെ. പോൾ, എസ്ഐ മോഹിത് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി.
സിസിടിവി ദൃശ്യങ്ങളിൽനിന്നു പ്രതിയുടെ ചിത്രങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ലോക്ക് ഡൗണിൽ അടച്ചിട്ട കടകളിൽ മോഷണം നടന്നത് വ്യാപാരികളെ ആശങ്കയിലാക്കി. നഗരത്തിൽ പോലീസ് പട്രോളിംഗ് ഊർജിതമാക്കണമെന്നു മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.