ആലപ്പുഴ : സാമൂഹിക അകലം പാലിക്കാൻ, മഴയെത്തും വെയിലത്തും പ്രതിരോധം തീർക്കാൻ ‘കുട ’ പദ്ധതിയുമായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ പുതുമയാർന്ന പദ്ധതിയെ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീനും ധനമന്ത്രി തോമസ് ഐസക്കും അഭിനന്ദിച്ചു.
കലവൂർ കെഎസ്ഡിപി യിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീൻ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ആരോഗ്യ പ്രവർത്തകർക്കും കുടുംബശ്രീ ഭാരവാഹികൾക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും കുടകൾ വിതരണം ചെയ്താണ് പ്രഖ്യാപനം നടത്തിയത്.
ധനകാര്യ വകുപ്പുമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, എ. എം. ആരിഫ് എം പി എന്നിവർ സന്നിഹിതരായിരുന്നു. പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയിൽപ്പെടുത്തി സബ്സിഡി നിരക്കിലാകും കുടകൾ നൽകുക. ആറായിരത്തോളം വരുന്ന കുടുംബശ്രീ അംഗങ്ങളും രണ്ടായിരത്തോളം തൊഴിലുറപ്പ് അംഗങ്ങൾക്കും ഉൾപ്പെടെ പതിനായിരത്തോളം പേർക്കാണ് കുട നൽകുന്നത്.
കുടവാങ്ങാൻ പണമില്ലാത്തവർക്ക് സ്പോണ്‍സർഷിപ്പിലും ഇരുപത് രൂപ, അൻപത് രൂപ മുതൽ ഇരുന്നൂറ് രൂപ വരെ നിരക്കുകളായാണ് കുടകൾ വിതരണം ചെയ്യുന്നത്. കുടയോടൊപ്പം രണ്ട് മാസ്ക്കുകളും സൗജന്യമായി നൽകും. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുളള മാരി മാർക്കറ്റിംഗ് വിഭാഗമാണ് കുടയൊരുക്കുന്നത്.
പഞ്ചായത്തിലെ തന്നെ ആറ് യൂണിറ്റുകളാണ് ഒരു ലക്ഷത്തോളം മാസ്ക്കുകളും തയാറാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എസ്. ജ്യോതിസ്, കെ.എസ്.ഡി.പി ചെയർമാൻ സി.ബി ചന്ദ്രബാബു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.