കണ്ണൂര്‍: കോവിഡ് -19 വ്യാപനം തടയുന്നതിനായുള്ള ലോക്ക്ഡൗണുമായി ബന്ധപ്പെട്ട റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതോടെ രോഗ വ്യാപനം തടയാന്‍ ജനകീയ പദ്ധതികളുമായി പോലീസ്. ഇത്തരക്കാര്‍ക്ക് ആത്മധൈര്യം പകരും.
കോവിഡ് രോഗികളുമായി പ്രൈമറി, സെക്കന്‍ഡറി ബന്ധം സ്ഥാപിച്ചവരുടെ വീടുകളിലെത്തിയാണ് ഇവര്‍ക്ക് പോലീസ് ആത്മധൈര്യം പകരുക. ജില്ലയില്‍ ഈ ഗണത്തില്‍പെട്ട 1500 ഓളം പേരുണ്ടെന്നാണ് ജില്ലാ പോലീസിന്റെ കണ്ടെത്തല്‍.
വീടുകളിലെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരേയും വീട്ടുകാരേയും ബോധവത്കരിക്കുന്ന പോലീസ് വീടുവിട്ട് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കും. നിരീക്ഷണത്തിലുള്ളവരുടെ ഫോണുമായി ബന്ധപ്പെടുത്തി ഒരു മൊബൈല്‍ ആപ്ലിക്കേഷനും പോലീസ് ഒരുക്കും.
പ്രസ്തുത ആപ് വഴി ബന്ധപ്പെട്ടാല്‍ ഡോക്ടറുമായി സംസാരിക്കുന്നതടക്കം ടെലി മെഡിസില്‍ സംവിധാനവും, പോലീസ് സഹായവും ഇവര്‍ക്ക് ലഭിക്കും. മരുന്ന്, ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ലഭ്യമാക്കാനും ഈ ആപ്പിലുടെ കഴിയും.
പോലീസ് കണ്ട്രോള് റൂമുമായിട്ടായിരിക്കും ആപിനെ ബന്ധിപ്പിക്കുക. നിരീക്ഷണത്തിലുള്ളവര്‍ രഹസ്യമായി പുറത്തിറങ്ങിയാലും ഈ ആപ് വഴി മനസിലാക്കാന്‍ പോലീസിന് സാധിക്കും.
നിലവില്‍ കൊറോണബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ വീടുകളില്‍ ക്വാറന്റൈൻ നിയന്ത്രണങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ മൂന്നംഗ സ്ക്വാഡിനെ ചുമതലപ്പെടുത്താന്‍ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കൊറോണ അവലോകന യോഗം തീരുമാനിച്ചു.
ആരോഗ്യ പ്രവര്ത്തകന്, പോലീസ്-തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സ്ക്വാഡിന് ഓരോ വീടിന്റെയും ചുമതല നല്‍കും. ക്വാറന്റൈനിലുള്ളവര്‍ വീടിനു വെളിയില്‍ ഇറങ്ങുന്നില്ലെന്നും വീടിനകത്ത് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്നും സ്ക്വാഡുകള്‍ ഉറപ്പുവരുത്തും.
അതേസമയം, കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളാണെങ്കില്‍ പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കമുണ്ടായ വ്യക്തിയെ വീട്ടില്‍ താമസിപ്പിക്കുന്നതിന് പകരം കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.