മുണ്ടക്കയം: പോലീസിൻറെ വാഹന പരിശോധനയ്ക്കിടെ തമിഴ്നാട് അതിർത്തിയിൽ നിന്നും വന്ന മിനിലോറിയിലെ ഡ്രൈവർ ആറ്റിൽ ചാടി. കഴിഞ്ഞ രാത്രി 11.30 ഓടെ ഇടുക്കി-കോട്ടയം ജില്ലാ അതിർത്തിയായ കല്ലേപാലത്തിലാണ് സംഭവം.
കോവിഡ് 19 രോഗഭീതിയുടെ ഇടുക്കി ജില്ലാ അതിർത്തിയിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. രാത്രി പച്ചക്കറിയുമായി വന്ന ലോറി പോലീസ് തടഞ്ഞ് ഡ്രൈവറോട് വിവരങ്ങൾ തേടി.
കുമളിയിൽ നിന്നു പത്തനംതിട്ടയിലേക്ക് പച്ചക്കറിയുമായി പോകുന്നുവെന്നാണ് ഡ്രൈവർ പോലീസിനോട് പറഞ്ഞത്. തുടർന്ന് വിശദമായി വാഹനം പരിശോധിക്കാൻ തുനിഞ്ഞതോടെ ഡ്രൈവർ പോലീസിനെ വെട്ടിച്ച് പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു.
പിന്നാലെ പോലീസ് പരിസരങ്ങളിലെല്ലാം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാലത്തിൽ നിന്ന് ഇയാൾ താഴെയുള്ള കുറ്റിക്കാട്ടിലേക്കാണ് വീണതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
ഡ്രൈവർ രക്ഷപ്പെട്ടതോടെ പോലീസ് നടത്തിയ വിശദ പരിശോധനയിൽ ലോറിയിൽ നിന്നും 400 ഗ്രാം കഞ്ചാവ് കണ്ടെത്തി. ലോറി മുണ്ടക്കയം പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
തിരുവല്ല രജിസ്ട്രേഷനിലുള്ള വാഹനമാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മുങ്ങിയ ഡ്രൈവറെ കണ്ടെത്താൻ വാഹന പരിശോധനയടക്കം കർശന നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്.
അതിനിടെ കഴിഞ്ഞ രാത്രിയിൽ മുണ്ടക്കയം സിഎസ്ഐ പള്ളിയിൽ എത്തി ഒരാൾ കപ്യാരോട് വെള്ളം ചോദിച്ചുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് രക്ഷപെട്ട ഡ്രൈവറാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.