
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായത് കുടിയന്മാരാണ്. ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചതോടെ മദ്യത്തിനായുള്ള പരക്കം പാച്ചിലില്‍ നിരവധി ആളുകളാണ് വ്യാജവാറ്റിലേക്ക് തിരിഞ്ഞത്.
കോഴിക്കോട് തൊണ്ടയാടിനു സമീപം വീട്ടിലെ വ്യാജ വാറ്റിനിടെ രണ്ട് യുവാക്കള്‍ അറസ്റ്റിലായി. കുറ്റിച്ചിറ സ്വദേശി അനൂപ്, ചേളാരി സ്വദേശി ഷഹനു എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. വാടക വീട്ടിലായിരുന്നു അനൂപിന്റെയും ഷഹനുവിന്റെയും വ്യാജവാറ്റ്.
യൂട്യൂബ് വീഡിയോ കണ്ടാണ് ഇവര്‍ വാറ്റിയത്. വാറ്റിത്തുടങ്ങുമ്പോള് തന്നെ പിടിയിലാവുകയായിരുന്നു. മെഡിിക്കല് കോളജ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടര മണിക്കൂര്‍ നിരീക്ഷിച്ചു യുവാക്കളെ കുടുക്കുകയായിരുന്നു.
ഇരുന്നൂറ് ലീറ്റര്‍ വാഷും, ചാരായവും, വാറ്റാനുപയോഗിച്ച പാത്രങ്ങളും ഗ്യാസ് സിലിണ്ടറും അടുപ്പുമുള്പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വടകരയിലും താമരശേരിയിലുമായി എക്സൈസ് സംഘം ആയിരം ലീറ്റര്‍ വാഷാണ് പിടികൂടിയത്.