കോട്ടയം: കോട്ടയം മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയ്ക്കു കോവിഡ് ബാധിച്ചത് എവിടെനിന്നാണെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ഇതിനുപുറമെ ഈരാറ്റുപേട്ടയിലും ചങ്ങനാശേരിയിലുമായി ഏഴു പേരെ നിരീക്ഷണത്തിലാക്കി.
ഈരാറ്റുപേട്ടയിൽ ഇടുക്കിയിലെ കോവിഡ് ബാധിച്ചയാൾക്കൊപ്പം വാഹനത്തിൽ സഞ്ചരിച്ച നാലുപേരും ചങ്ങനാശേരിയിൽ ഇതര സംസ്ഥാനങ്ങളിൽനിന്നു വന്ന മൂന്നു പേരുമാണ് നിരീക്ഷണത്തിലാക്കിയത്.
കഴിഞ്ഞ ദിവസം കോട്ടയം മാർക്കറ്റിൽ എത്തി തണ്ണിമത്തൻ ലോഡ് ഇറക്കിയ ലോറി ഡ്രൈവറിൽ നിന്നാണ് കോവിഡ് പകർന്നു കിട്ടിയതെന്നായിരുന്നു നിഗമനം.
എന്നാൽ പാലക്കാട് നിരീക്ഷണത്തിൽ കഴിയുന്ന ഇയാൾക്കു കോവിഡ് പരിശോധന ഫലം നെഗറ്റീവായതോടെയാണ് ചുമട്ടുതൊഴിലാളിയ്ക്കു കോവിഡ് പകർന്നു കിട്ടിയത് എവിടെ നിന്നാണെന്ന് കണ്ടെത്താനാണ് ആരോഗ്യ വകുപ്പ് ഉൗർജിതമായ അന്വേഷണം നടത്തുന്നത്.
ചുമട്ടു തൊഴിലാളി 88 പേരുമായി സന്പർക്കത്തിൽ ഏർപ്പെട്ടതായിട്ടാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 24 പേരുമായി പ്രാഥമികമായി സന്പർക്കം പുലർത്തിയിട്ടുണ്ട്.
ബാക്കിയുള്ള 64 പേർ രണ്ടാം ഘട്ട സന്പർക്കത്തിൽ ഉൾപ്പെട്ടവരാണ്. ചുമട്ടു തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ഏതാനും ചില സുഹൃത്തുക്കളുടെയും സ്രവ സാംപിൾ പരിശോധയ്ക്കു അയച്ചിട്ടുണ്ട്.
ഇയാളുമായി സന്പർക്കം പുലർത്തിയവർക്ക് ആരോഗ്യ വകുപ്പ് ഹോം ക്വാറൻറയിൻ നിർദേശിച്ചിരിക്കുകയാണ്. തൊഴിലാളി യൂണിയനുകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ സന്പർക്കപ്പട്ടികയിലെ പരമാവധി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.
പൊതുസന്പർക്കമില്ലാതെ കഴിയുന്നതിന് വീടുകളിൽ സൗകര്യമില്ലാത്ത 25 തൊഴിലാളികളെ ഇന്ന് കോവിഡ് കെയർ സെൻററിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിട്ടുണ്ട്
. ചുമട്ടു തൊഴിലാളിയുടെയും അയൽവാസികളുടെയും വീടുകളിലും പരിസര പ്രദേശങ്ങളിലും ഇന്ന് അണുനശീകരണം നടത്തും.