ചെങ്ങന്നൂർ: കോവിഡ് കാലത്തും മൃതദേഹത്തോട് അനാദരം. കഴിഞ്ഞ ദിവസം മരണമടഞ്ഞ കോട്ടയം മാന്നാനം കണ്ണാലപറന്പിൽ സന്തോഷിന്റെ മകൻ അഖിലിന്റെ മൃതദേഹത്തോടാണ് അനാദരവ് കാട്ടിയത്.
വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ അഖിൽ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം പ്രണയനൈരാശ്യത്താൽ അഖിൽ ജീവനൊടുക്കി.
ദീർഘനാളായി ചെങ്ങന്നൂർ ആൽത്തറ ജംഗ്ഷനു സമീപം വാടകയ്ക്കു താമസിച്ചു വരികയായിരുന്നു ഇയാളുടെ കുടുംബം. ഒരു തുണ്ട് ഭൂമി സ്വന്തമായി ഈ കുടുംബത്തിന് ഇല്ല.
ഈ വിവരം കുടുംബാംഗങ്ങൾ ചെങ്ങന്നൂർ ടൗണ്‍ എസ്എൻഡിപി ശാഖാ ഭാരവാഹികളെ അറിയിക്കുകയും ലോക്ക് ഡൗണ്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ ശാഖയുടെ തീരുമാനപ്രകാരം ചെങ്ങന്നൂർ അങ്ങാടിക്കലിൽ ശ്മശാനത്തിന് വേണ്ടി 18 വർഷം മുന്‍പ് മറ്റു സമുദായങ്ങളുടെ അഞ്ച് ശ്മശാനങ്ങളോടു ചേർന്നു വാങ്ങിയിട്ടിരിക്കുന്ന വസ്തുവിൽ സംസ്കാരം നടത്താൻ എത്തിയപ്പോഴാണ് ഒരു കൂട്ടം ആളുകൾ തടഞ്ഞത്.
ആദ്യം പോലീസ് സ്ഥലത്തെത്തി ഇവരുമായി സംസാരിച്ചെങ്കിലും തീരുമാനമാകാത്തതിനെത്തുടർന്ന് ആർഡിഒ ജി. ഉഷാകുമാരി സ്ഥലത്തെത്തി സംസ്കാരചടങ്ങുകൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ നിർദേശിക്കുകയുമായിരുന്നു.
ഇന്നലെ വീണ്ടും ആർഡിഒ യുടെ നിർദേശപ്രകാരം കോട്ടയത്തുള്ള പൊതുശ്മശാനത്തിന്റെ അനുമതി വാങ്ങി മൃതദേഹം അവിടെ സംസ്കരിച്ചു. ജാതീയമായ വിവേചനത്തിനെതിരേ എസ്എൻഡിപി യൂണിയൻ സെക്രട്ടറി ബൈജു അറുകുഴിയിൽ ശക്തമായി പ്രതിഷേധിച്ചു.
വിവിധ മതസ്ഥരുടെ നിരവധി ശ്മശാനങ്ങളിൽ സംസ്കാരങ്ങൾ നടക്കുന്പോൾ ഈഴവ സമുദായ അംഗത്തിന്റെ ശവസംസ്കാരം തടഞ്ഞതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഇതിനെതിരായി ശാഖായോഗവുമായി സഹകരിച്ച് ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്നും യൂണിയൻ പ്രസിഡന്റ് ഡോ. ആനന്ദരാജ് പറഞ്ഞു.