കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുന്നതിനിടെ ഇന്നലെ ജില്ലയിൽ 146 പേരെ വീടുകളിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
ഇതിൽ 23 പേർ കഴിഞ്ഞ 21 ന് പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സന്പർക്കം വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നു ജില്ലയിൽ എത്തിയ 48 പേരും നിരീക്ഷണത്തിലായവരിൽ ഉൾപ്പെടുന്നു.
നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടർന്ന് 13 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 272 ആയി.
ഇതിൽ 76 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലും 196 പേർ ലോ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുന്നു. പുതുതായി ഒൻപതുപേരെയാണ് ഇന്നലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.
ഇതിൽ മൂന്നുപേരെ കളമശേരി മെഡിക്കൽ കോളജിലും, ഒരാളെ ആലുവ ജില്ലാ ആശുപത്രിയിലും, അഞ്ചുപേരെ സ്വകാര്യ ആശുപത്രികളിലുമാണു പ്രവേശിപ്പിച്ചത്.
നിലവിൽ 22 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. കളമശേരി മെഡിക്കൽ കോളജിൽ അഞ്ചുപേരും, ആലുവ ജില്ലാ ആശുപത്രിയിൽ മൂന്നുപേരും, കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ രണ്ടുപേരും, സ്വകാര്യ ആശുപത്രികളിൽ 12 പേരും നിരീക്ഷണത്തിലുണ്ട്. 30 സാന്പിളുകളുടെ പരിശോധന ഫലങ്ങളാണ് ഇന്നലെ ലഭിച്ചത്.
ഇവയെല്ലാം നെഗറ്റീവാണ്. ജില്ലയിൽനിന്നും ഇന്നലെ പരിശോധനയ്ക്ക് അയച്ച 60 സാന്പിളുകൾ ഉൾപ്പെടെ ഇനി 79 സാന്പിൾ പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.
അതിനിടെ, സമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോ എന്നറിയുന്നതിനായി സംസ്ഥാന സർക്കാർ നിർദേശ പ്രകാരം കൊച്ചിയിൽ പരിശോധന തുടങ്ങി. മരട്, കളമശേരി എന്നിവിടങ്ങളിൽനിന്നും 10 പേരുടെ വീതം സാന്പിളുകൾ ഇന്നലെ പരിശോധനയ്ക്കായി ശേഖരിച്ചു.
പോസിറ്റീവ് കേസുമായി സന്പർക്കം ഉണ്ടാകാത്തവർ, ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സ തേടിയവർ, കോവിഡ് രോഗ പരിശോധനയുമായോ ചികിത്സയുമായോ നേരിട്ട് ബന്ധമില്ലാത്ത ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, സന്നദ്ധ പ്രവർത്തകർ എന്നിവരിൽനിന്നും തെരഞ്ഞെടുത്തവരെയാണു പരിശോധനയ്ക്ക് വിധേയമാക്കിയത്.
കളമശേരി മെഡിക്കൽ കോളജിലാണു സാന്പിളുകൾ പരിശോധിക്കുന്നത്.