വാഷിംഗ്ടൺ ഡിസി: കോവിഡ് ബാധിതരുടെ ശരീരത്തില്‍ അണുനാശിനി കുത്തിവച്ചാല്‍ വൈറസിനെ നശിപ്പിക്കാമെന്ന് താന്‍ പരിഹാസരൂപേണ പറഞ്ഞതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
എന്ത് സംഭവിക്കും എന്നറിയാന്‍ നിങ്ങളെ പോലെയുള്ള മാധ്യമപ്രവര്‍ത്തകരോട് പരിഹാസരൂപേണ ചോദിച്ചതാണ്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും ശ്വാസകോശത്തിലാണെന്ന് നമുക്കറിയാം, ഓരോനിമിഷവും വൃത്തിക്കായാക്കാന്‍ നമ്മള് അണുനാശിനി ഉപയോഗിക്കുന്നു.
അതുകൊണ്ട് തന്നെ അണുനാശിനി കുത്തിവച്ചാല്‍ ശ്വാസകോശവും വൃത്തിയാകില്ലേ ?. ഇത് പരീക്ഷിക്കുന്നത് രസകരമായിരിക്കുമെന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇത് വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവച്ചിരുന്നു.
എന്നാൽ ട്രംപിന്റെ നിർദേശങ്ങളെ ആക്ഷേപിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ കമന്റുകൾ വന്നു.അണുനാശിനികൾ കുത്തിവയ്ക്കുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ഡെറ്റോൾ, ലൈസോൾ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെ ഉടമസ്ഥരായ റെക്കിറ്റ് ബെൻകിസർ ഉപഭോക്താക്കൾക്കു നൽകിയ മുന്നറിയിപ്പിൽ പറഞ്ഞു.
അണുനാശിനികളും കീടനാശിനികളും അപകടകരമായ വസ്തുക്കളാണ്. ശരീരത്തിനുള്ളിൽ ചെന്നാൽ ഇത് മാരകമാണ്. ഇവയുമായുള്ള ബാഹ്യ സന്പർക്കം പോലും ത്വക്കിനും നേത്രങ്ങൾക്കും ശ്വാസകോശത്തിനും ദോഷം ചെയ്യും.
തങ്ങളുടെ ഉത്പന്നങ്ങളോടൊപ്പമുള്ള ലേബലുകളും മാർഗനിർദേശങ്ങളും വായിച്ചുനോക്കി അതിൽപ്പറയുന്ന പ്രകാരമേ ഉപയോഗിക്കാവൂ എന്നും കന്പനി പുറപ്പെടുവിച്ച പ്രസ്താവനയിൽ നിർദേശിച്ചു.