വണ്ടിത്താവളം: ഗുഹ പോലെയുള്ള വാസയോഗ്യമല്ലാത്ത ചെറ്റക്കുടിൽ മണിക്കൂറുകൾക്കുള്ളിൽ മയിൽസാമിയുടെ മണിമാളികയായി..! നിമിത്തമായത് ഫയർഫോഴ്സിന്റെയും ഡിഫൻസ് സേനാംഗങ്ങളുടെയും അകമഴിഞ്ഞ സ്നേഹത്തിന്റെ ഇടപെടൽ.
ആറുമക്കളുമായി ദന്പതികൾ അന്തിയുറങ്ങിയ ചെറ്റകുടിൽ കഴിഞ്ഞ ദിവസമാണ് ചിറ്റൂർ ഫയർഫോഴ്സ് അധികൃതരുടെ ദൃഷ്ടിയിൽ പതിഞ്ഞത്.
എല്ലാവരും ഉത്സാഹിച്ചതോടെ ഒറ്റ ദിവസത്തിനുള്ളിൽ താമസയോഗ്യമായ കുടിലായി. പ്ലാച്ചിമട എസ്ടി കോളനിയിലെ സ്വാമിക്കാണ് ചോർച്ചയില്ലാത്ത കൊച്ചു വീടെന്ന സ്വപ്നം സാക്ഷ്യമായത്.
റേഷൻകാർഡ് പോലുമില്ലാത്ത എട്ടംഗ കുടുംബത്തിന് താലചായ്ക്കാനൊരു മേൽക്കൂരയ്ക്ക് വേണ്ടി മയിൽസ്വാമി മുട്ടിയ വാതിലുകളൊന്നും തുറന്നിരുന്നില്ല. വളർത്തു മൃഗങ്ങൾക്ക് ഒരുക്കുന്ന കൂടിന്റെ സുരക്ഷിതത്വം പോലും കാവൽചാളയ്ക്കുണ്ടായിരുന്നില്ല.
മയിൽസ്വാമിയുടെ മൂത്ത മകന് അസുഖത്തിനുള്ള മരുന്നുമായി വന്ന അഗ്നിശമന സേനയാണ് മനുഷ്യമനസ്സാക്ഷിയെ നൊന്പരപ്പിക്കുന്ന തരത്തിൽ എട്ടംഗ കുടുംബം അന്തിയുറങ്ങുന്നയിടം കണ്ടെത്തിയത്.
ഇതോടെ മയിൽസാമിയുടെ സുരക്ഷിത വാസത്തിനു വഴിയൊരുക്കൽ ചിറ്റൂർ അഗ്നിശമ സേനയും ഡിഫൻസ് സേനാംഗങ്ങളും കച്ചകെട്ടിയിറങ്ങി. ഇതിനായി ജില്ലാ അഗ്നിശമന സേന മേധാവി ചിറ്റൂർ യൂണിറ്റിന്റെ മാനുഷിക പരിഗണനയ്ക്ക് പച്ചക്കൊടി വീശി. പിന്നീട് എല്ലാം നടന്നത് ഇന്ദ്രജാലം പോലെ.
ബുധനാഴ് പുലർച്ചെ ഏഴിന് അഗ്നിശമന സേനാംഗങ്ങളും ഡിഫൻസ് പ്രവർത്തകരും തൊട്ടിച്ചിപതിയിലെത്തി മയിൽസ്വാമിയും കുടുംബവും കണ്ണടച്ചറങ്ങുന്ന കാവൽചാള പൂർണ്ണമായും അഴിച്ചുമാറ്റി.
തുടർന്ന് മിന്നൽ വേഗത്തിൽ വൈകുന്നേരം അഞ്ചിനകം സുരിക്ഷിത മായ വീട് ഒരുങ്ങി. മയിൽ സ്വാമിക്കും സമിപതാമസക്കാർക്കും ഈ മാന്ത്രിക വീടിന്റെ ശിൽപ്പികളുടെ സൃഷ്ടികളെ മനസ്സുനിറയെ വാഴ്ത്തി. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ അഗ്നിശമന ജില്ലാ ഓഫീസർ അരുണ് ഭാസ്ക്കർ വീടിന്റെ താക്കോൽ മയിൽസാമിക്കു നൽകി മംഗളകർമ്മം നിറവേറ്റി.
ചിറ്റൂർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.സജികുമാർ .സീനിയർ ഫയർ അന്റ് സേഫ്ടി ഓഫീസർ എം.ഷാഫി ,ഫയർ ഓഫിസർമാരായ എം.നാരായണൻകുട്ടി, ശിവദാസൻ,സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവരും ഈ സൽകർമ്മത്തിനു നേർകാഴ്ചക്കാരായി.
അഗ്നിശമനസേന,ഡിഫൻസ് അംഗങ്ങൾ സ്വരൂപിച്ച 15000 രൂപയിലാണ് തൊട്ടിച്ചിപതി എസ്ടി കോളണയിൽ സ്വപ്ന വീടൊരുങ്ങിയത്. സംസ്ഥാന കൊറോണ ബാധ ഉണ്ടായതു മുതൽ ആരോഗ്യ വകുപ്പ്,പോലീസ് സേന ,റവന്യു മറ്റും സന്നദ്ധ സംഘടനകൾ രാപ്പകൽ മഹാമാരിയെ പൊരുതാൻ കച്ചകെട്ടിയിറങ്ങിയിരുന്നു.
ജനസമയത്ത് 200 അതിൽ കൂടുതലും ദൂരം സഞ്ചരിച്ച് വീട്ടിൽ കഴിയുന്നവർക്ക് മരുന്നുകളും ഭക്ഷണങ്ങളുമെത്തിച്ച് ഫയർഫോഴ്സ് സേന അതിരറ്റ സേവനം കാഴ്ചവെച്ചു വരികയാണ്. എട്ടംഗകുടുംബത്തിന്റെ ഗ്രഹപ്രവേശനത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും അഗ്നിശമന സേന നൽകി.