അടുത്ത സീസണ് ഐപിഎലിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ചാണെന്നു വ്യക്തം. മുഖ്യപരിശീലക സ്ഥാനത്ത് എൽക്കോ ഷട്ടോരിക്കു പകരം കിബു വിക്കൂനയെ കൊണ്ടുവന്നതിനു പിന്നാലെ പുതിയ സഹ പരിശീലകരെയും ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു.
സമൂഹമാധ്യമത്തിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലക സംഘത്തെ പ്രഖ്യാപിച്ചത്. ഇതിനെല്ലാം പുറമേ ഉടമസ്ഥതയിലും മാറ്റത്തിനൊരുങ്ങുന്നതായും സൂചനയുണ്ട്. സെർബിയ ആസ്ഥാനമായ ഫുട്ബോൾ ഗ്രൂപ്പ് ടീമിന്റെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ സീസണിൽ മോഹൻബഗാന്റെ സഹപരിശീലകനായിരുന്ന ടോമസ് ചോർസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലുണ്ടാകും. ഇംഗ്ലണ്ട്, ഹോളണ്ട്, പോർച്ചുഗൽ, ലിത്വാനിയ എന്നിവിടങ്ങളിൽ പരിശീലകനായി പ്രവർത്തിച്ച് പരിചയമുണ്ട് ടോമസിന്. ഡേവിഡ് ഒച്ചോവയാണ് വരും സീസണിൽ ടീമിന്റെ ടാക്ടിക്കൽ, അനലിറ്റിക്കൽ പരിശീലകനായി പ്രവർത്തിക്കുക.
ടീമിന്റെ ഫിസിക്കൽ പ്രിപ്പറേഷൻ പരിശീലകനായി പൗലിയസ് റഗൗസ്കസ് എത്തും. ലിത്വാനിയക്കാരനായ റഗൗസ്കസ് കഴിഞ്ഞ സീസണിൽ മോഹൻ ബഗാന്റെ ഫിസിക്കൽ ട്രെയിനർ ആയിരുന്നു.
കിബു വിക്കൂനയ്ക്കൊപ്പം മോഹൻ ബഗാനെ ഐ ലീഗ് കിരീടത്തിലേക്ക് നയിച്ചതിൽ റഗൗസ്കസിനും ടോമസ് ചോർസിനും പങ്കുണ്ട്. മോഹൻബഗാനെ പരിശീലിപ്പിച്ച വിക്കൂന ബ്ലാസ്റ്റേഴ്സിന്റെ മാനേജർ സ്ഥാനത്തെത്തുന്ന ആദ്യ സ്പാനിഷ് വംശജനാണ്.
ഷട്ടോരി നിരാശനാണ്
കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകസ്ഥാനത്തുനിന്ന് പുറത്തുപോകേണ്ടിവന്നതിൽ നിരാശയുണ്ടെന്ന് എൽക്കോ ഷറ്റോരി. ഞാൻ നിരാശനാണ്, ബ്ലാസ്റ്റേഴ്സിൽ തുടങ്ങിവച്ചത് പൂർത്തിയാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷെ അത് നടന്നില്ല.
ഞാൻ തന്നെയായിരുന്നു ആ ദൗത്യം പൂർത്തിയാക്കാൻ ഏറ്റവും അനുയോജ്യനായ അൾ. ചിലർ പറയും നമ്മൾ ഏഴാം സ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്തത്, അതിന്റെ പൂർണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. എന്നാൽ, പ്ലേ ഓഫിന് യോഗ്യത നേടാൻ സാധിക്കാത്തതിനു മറ്റു പല കാരണങ്ങളുമുണ്ട്- ഷട്ടോരി പറഞ്ഞു.