ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് 16 വരെ നീട്ടണമെന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങൾ.
രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ മേയ് മൂന്നിനാണു പൂർത്തിയാകുക. അതിനിടെയാണ് വൈറസ് വ്യാപനത്തിൽ അതീവ ആശങ്കയിൽ കഴിയുന്ന ഡൽഹി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, മധ്യപ്രദേശ്, പഞ്ചാബ്, ഒഡീഷ സംസ്ഥാനങ്ങൾ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.
ഡൽഹിയിൽ മേയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിനു പുറത്തുള്ള ഒരിളവും അനുവദിക്കില്ല.
ജനവാസ കേന്ദ്രങ്ങളിലുള്ളതും ഒറ്റപ്പെട്ടതുമായ കടകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുമെന്നും കേജരിവാൾ വ്യക്തമാക്കി. ഷോപ്പിംഗ് മാളുകൾക്കും മാർക്കറ്റ് കോംപ്ലക്സുകൾക്കും അനുമതിയില്ല. ഹോട്ട് സ്പോട്ടുകളിൽ ഒരു സ്ഥാപനവും തുറന്നുപ്രവർത്തിക്കാനും അനുമതി നൽകില്ല.
പതിനൊന്നു ജില്ലകളിലായി ഡൽഹിയിൽ 95 അതിവ്യാപന മേഖലകളാണുള്ളത്. ഡൽഹിയിൽ കോവിഡ് വ്യാപന നിരക്കിൽ കുറവുണ്ടായിട്ടുണ്ടെന്നും കേജരിവാൾ പറഞ്ഞു.
ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ക് ഡൗണ്‍ നീട്ടുന്നതു സംബന്ധിച്ച് കേന്ദ്ര നിർദേശം പിൻതുടരുമെന്നു വ്യക്തമാക്കി.
ആസാം, കേരളം, ബിഹാർ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നടത്തുന്ന വീഡിയോ കോണ്‍ഫറൻസിനുശേഷം തീരുമാനമെടുക്കും. തെലുങ്കാന മാത്രമാണ് മേയ് ഏഴു വരെ ലോക്ക് ഡൗണ്‍ കാലാവധി നീട്ടിയിരിക്കുന്ന സംസ്ഥാനം.
ആവശ്യമെന്നു തോന്നിയാൽ മേയ് മൂന്നിനു ശേഷം പതിനഞ്ച് ദിവസം കൂടി ലോക്ക് ഡൗണ്‍ നീട്ടുമെന്നാണ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പേ പറഞ്ഞത്.
പശ്ചിമബംഗാളിൽ സംസ്ഥാനമൊട്ടാകെ അല്ലെങ്കിലും ഹോട്ട് സ്പോട്ടുകളിൽ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ പൂർണമായും തുടരണമെന്നാണ് മമത ബാനർജി സർക്കാരിന്റെ നിലപാട്. ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പിൻവലിക്കേണ്ടതില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും പറഞ്ഞത്.
ഘട്ടംഘട്ടമായി മാത്രമേ ലോക്ക് ഡൗണ്‍ പിൻവലിക്കാവൂ എന്നു ഒഡീഷ ആരോഗ്യ മന്ത്രി നബാ കിഷോർ ദാസ് പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഇതേ അഭിപ്രായമാണു മുന്നോട്ടുവച്ചിട്ടുള്ളത്.
സാഹചര്യങ്ങൾ അനുസരിച്ചു മാത്രമേ ലോക്ക് ഡൗണ്‍ ഇളവുകൾ പിൻവലിക്കൂ എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പറഞ്ഞു. കേന്ദ്ര സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു.