കോഴിക്കോട്: റംസാന് ആരംഭിച്ചിട്ടും സജീവമാകാതെ പഴവിപണി. ലോക്ക് ഡൗണില്‍പ്പെട്ട് ആളുകള്‍ പുറത്തിറങ്ങാത്തത് പഴവിപണിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്.
ജനുവരി മുതല്‍ സജീവമാകേണ്ട പഴവിപണിക്ക് ഇത്തവണ നഷ്ടകച്ചവടത്തിന്റെ കണക്കേ പറയാനുള്ളൂ.
കടുത്ത വേനലില്‍ ജ്യൂസ് കടകളിലേക്കാണ് പഴങ്ങള്‍ ഏറെയും പോകാറുള്ളത്. എന്നാല്‍ ലോക്ക് ഡൗണില്‍ കുരുങ്ങി കടകള്‍ അടച്ചത് പഴകച്ചവടക്കാര്ക്ക് തീരാനഷ്ടമായി.
റംസാന് തുടങ്ങിയിട്ടും കച്ചവടം മന്ദഗതിയിലാണ്. മറ്റു ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ എത്തുന്ന ചുരുക്കം ചിലരാണ് പാളയത്ത് എത്തി പഴങ്ങള്‍ വാങ്ങുക.
ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന പഴങ്ങള്‍ക്കും ഇ കാലയളവില്‍ വലിയ വില്‍പ്പനയില്ല.മാങ്ങയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. മുന്തിരി, പൈനാപ്പിള്‍ ,സപ്പോട്ട ഉള്‍പ്പെടെയുള്ളവയ്ക്ക് ഡിമാന്റ് കുറവാണ്.റംസാന് സീസണില്‍ മാങ്ങ വിറ്റഴിക്കാമെന്ന പ്രതീക്ഷയുണ്ട്.
എങ്കിലും കച്ചവടം മോശം തന്നെയാണ്. പഴങ്ങള്‍ക്ക് ഡിമാന്റ് കുറഞ്ഞത് വിലയിലും പ്രതിഫലിച്ചിട്ടുണ്ട്. തണ്ണിമത്തന് കിലോ 15നും മാങ്ങ കിലോയ്ക്ക് 40, മുന്തിരി 30 എന്നിങ്ങനെ കുറഞ്ഞ നിരക്കാണ് ഉള്ളത്.
പൊതുവെ റംസാന് കാലത്ത് പഴങ്ങള്‍ക്ക് വില വര്ധിക്കാറാണുള്ളത്. പാളയം മാര്‍ക്കറ്റിലെ ചെറുകിട വ്യാപാരികള്‍ക്ക് ദിനം പ്രതി പതിനായിരം മുതല്‍ പതിനയ്യായിരം വരെ രൂപ ലഭിച്ചു വന്നിരുന്നു.
എന്നാലിന്ന് 3000,2000 രൂപയായി കുറഞ്ഞു.
നിപ രോഗ ഭീഷണിയെ തുടര്‍ന്ന് പോയ വര്‍ഷങ്ങളും പഴകച്ചവടക്കാര്ക്ക് ദുരിതകാലമായിരുന്നു.വവ്വാല് പേടിയില്‍ പല പഴങ്ങള്‍ക്കും വിപണിയില്‍ വില ഇടിഞ്ഞിരുന്നു.വരും വര്‍ഷങ്ങളില്‍ വിപണി തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയില്‍ തുടരുന്നതിനിടെയാണ് ഇത്തവണ കൊറോണയും വില്ലനായത്.
റംസാന് ആദ്യദിനങ്ങളില്‍ നിരാശയാണെങ്കിലും വരും നാളില്‍ കച്ചവടം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.