ഹരുണി സുരേഷ്
വൈപ്പിൻ: ലോക്ക് ഡൗണ്‍ കഴിഞ്ഞാലും കേരളതീരത്ത് മൽസ്യബന്ധന ബോട്ടുകൾക്ക് കടലിൽ പോകാനാവില്ല. ജൂണ്‍ ഒന്നു മുതൽ ജൂലൈ 31 വരെ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 60 ദിവസത്തെ ട്രോളിംഗ് നിരോധനത്തിനൊപ്പം ലോക്ക് ഡൗണ്‍ കാലം കൂടി കൂട്ടുന്നതോടെ മത്സ്യബന്ധന ബോട്ടുകൾക്ക് ഇക്കുറി നാലു മാസം ട്രോളിംഗ് മുടങ്ങും.
ലോക്ക്ഡൗണ്‍ മൂലം മാർച്ച് 24 മുതൽ ബോട്ടുകൾ കടലിൽ പോകുന്നില്ല. ലോക്ക്ഡൗണ്‍ പിൻവലിച്ചതിനുശേഷവും ഉടനെ ബോട്ടുകൾക്ക് മത്സ്യബന്ധനത്തിനു പോകാൻ കഴിയില്ലെന്നാണ് ചില ബോട്ടുടമകൾ ചൂണ്ടിക്കാണിക്കുന്നത്.
ബോട്ടുകളിൽ പണിയെടുക്കുന്ന തമിഴ്നാട്ടുകാരായ ഇതരംസംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും സ്ഥലത്തില്ലാത്തതാണ് കാരണം. ഫിഷിംഗ് മോശമായതിനാൽ ലോക്ക് ഡൗണിനു മുന്‍പു തന്നെ പല തൊഴിലാളികളും നാട്ടിലേക്ക് പോയിരുന്നു.
ബാക്കിയുള്ളവരിൽ പലരും ലോക്ക്ഡൗണിനെത്തുടർന്ന് കടൽ മാർഗവും അല്ലാതെ രഹസ്യമായും നാട്ടിലേക്ക് തിരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോക്ക് ഡൗണ്‍ പിൻവലിച്ചാലും സംസ്ഥാനന്തര യാത്രയ്ക്കുള്ള വിലക്ക് ഉടനെ മാറ്റാൻ സാധ്യതയില്ല.
ഇനി മാറ്റിയാൽ തന്നെ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന തൊഴിലാളികൾക്ക് ഇവിടെ 14 മുതൽ 28 ദിവസം വരെ ക്വാറന്റൈൻ വേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ക്വാറന്റൈൻ കാലയളവ് തീരുന്പോഴേക്കും ഇവിടെ ട്രോളിംഗ് നിരോധനം പ്രാബല്യത്തിലാകും.
ഈ സാഹചര്യത്തിൽ നാട്ടുകാർ പണിക്കു പോകുന്ന ഏതാനും ചെറിയ ബോട്ടുകൾ കുറച്ചു ദിവസം കടലിൽ പോകുമെന്നതൊഴിച്ചാൽ തമിഴ്നാട്ടുകാർ പണിയെടുക്കുന്ന ഭൂരിഭാഗം ബോട്ടുകളും ജൂലൈ 31 വരെ കരയിൽ വിശ്രമിക്കേണ്ടിവരും.
ഇതാകട്ടെ സാന്പത്തിക പരാധീനതമൂലം നട്ടംതിരിയുന്ന പല മത്സ്യബന്ധന ബോട്ടുടമകളെയും വലിയ പ്രതിസന്ധിയിലാക്കും. മാത്രമല്ല ട്രോളിംഗ് നിരോധിക്കുന്നതോടെ മത്സ്യബന്ധന മേഖലയിൽ നിന്നുള്ള വരുമാനം പകുതിയിലേറെ നിലയ്ക്കും.
ഇത് തീരദേശത്ത് പണത്തിനു ക്ഷാമമുണ്ടാക്കും. കോവിഡ് കാലത്ത് ഇത് സന്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ പ്രഹരമുണ്ടാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഇത്തവണത്തെ ട്രോളിംഗ് നിരോധനം മാർച്ച് 24 മുതൽ മേയ് 31 വരെ 68 ദിവസം കണക്കാക്കി ജൂണ്‍ ഒന്നു മുതൽ എല്ലാ ബോട്ടുകൾക്ക് കടലിൽ പോകാൻ അനുമതി നൽകണമെന്ന് മുനന്പം യന്ത്രവൽകൃത മത്സ്യബന്ധന പ്രവർത്തക സംഘം പ്രസിഡന്റ് സുധാസ് തായാട്ട് , മുനന്പം ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് കോ- ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.പി. ഗിരീഷ് എന്നിവർ ആവശ്യപ്പെട്ടു.