സ്വന്തം ലേഖകന്‍
തൃശൂര്‍: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം തൃശൂര്‍ പൂരം കൊടിയേറ്റ് നേരില്‍ കാണാനാകാതെ നിരാശരായി പൂരപ്രേമികള്‍. കൊടിയേറ്റം മനസില്‍ കണ്ട് സോഷ്യല്‍ മീഡിയയില്‍ പൂരം കൊടിയേറ്റ് വാര്‍ത്തകളും ട്രോളുകളും ഓര്‍മചിത്രങ്ങളുമായി പൂരപ്രേമികള്‍ വീട്ടിലിരുന്ന് തൃശൂര്‍ പൂരം കൊടിയേറ്റം ആഘോഷമാക്കി.
കൊടിയേറ്റത്തിന് പൊതുജനത്തെ ക്ഷേത്രത്തിനകത്ത് കടത്തിയില്ലെങ്കിലും പ്രവേശിച്ചവരെടുത്ത കൊടിയേറ്റ് ചിത്രങ്ങളും ദൃശ്യങ്ങളും വാട്സാപ്പുകളിലൂടെ ലോകമെങ്ങും പടര്‍ന്നു.
കൊടിയേറ്റത്തിനു വന്‍തിരക്കാണ് അനുഭവപ്പെടാറെങ്കിലും ഇന്നലെ ആളൊഴിഞ്ഞ ക്ഷേത്രാങ്കണങ്ങളായിരുന്നു. കൊടിയേറ്റ ദിവസം രാത്രി വൈദ്യുതാലങ്കാരങ്ങളാല്‍ പ്രകാശപൂരിതമാകാറുള്ള ക്ഷേത്രഗോപുരങ്ങളില്‍ ഇന്നലെ പതിവ് വെളിച്ചം മാത്രം.
കൊടിയേറ്റ ദിവസം പെയ്ത മഴയെയും പൂരത്തോടു ചേര്‍ത്തുവെച്ചാണ് പൂരപ്രേമികള്‍ സോഷ്യല്‍മീഡിയയില്‍ ആഘോഷിച്ചത്. പൂരം കൊടിയേറ്റം ദിവസം പെയ്തത് മഴയല്ല കൊടിയേറ്റം കാണാന്‍ കഴിയാതെ പോയ തൃശൂര്‍ക്കാരന്റെ കണ്ണീരാണെന്നായിരുന്നു ട്രോള്‍.
വെടിക്കെട്ടിനു നിയമം അനുമതി തന്നില്ലെങ്കിലും കൊടിയേറ്റ് കഴിഞ്ഞപ്പോഴുണ്ടായ ഇടിവെട്ട് പ്രകൃതി ഒരുക്കിയ വെടിക്കെട്ടാണെന്ന കമന്റും വാട്സാപ്പില്‍ വന്നു.
ചാനലുകളില്‍ പൂരം ചരിത്രം ഇത്തവണ പറയാന്‍ അവസരമില്ലാതെ പോയ ഒരു നടന്റെ വിഷാദഭാവം ട്രോളില്‍ പ്രചരിച്ചിരുന്നു.ആനപ്പുറത്തല്ലാതെ എഴുന്നള്ളുന്ന ഭഗവതിമാര്‍ക്കു വേണ്ടി പ്രകൃതി ഒരുക്കിയ ശുദ്ധീകരണമാണു മഴയെന്നും സോഷ്യല്‍മീഡിയയിലെ പോസ്റ്റ്.
പൂരമില്ലെങ്കിലും ഇനി പൂരം വരെ സോഷ്യല്‍മീഡിയയില്‍ പൂരം പൊലിപ്പിക്കാനാണു പൂരപ്രേമികള്‍ ഉറപ്പിച്ചിരിക്കുന്നത്.