പരവൂര്‍: വയോധികയെ കൊലപ്പെടുത്തിയ കേസില്‍ മകളെയും ചെറുമകനെയും അറസ്റ്റ് ചെയ്തു. പുത്തന്‍കുളം പറണ്ടക്കുളത്ത് കല്ലുവിള വീട്ടില്‍ കൊച്ചുപാര്‍വതി (88) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ ശാന്തകുമാരി (64), ചെറുമകന് സന്തോഷ് (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത്: ബുധന്‍ രാവിലെയാണ് കൊച്ചുപാര്‍വതിയെ വീട്ടിലെ മുറിയില്‍ മരിച്ചനിലയിൽ കണ്ടത്. പത്തോടെ മൃതദേഹം സംസ്കരിക്കാനുള്ള നടപടികള്‍ വീട്ടുകാര്‍ ചെയ്തു. മരണം നടന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.
വിവരമറിഞ്ഞ് മരണ വീട്ടിലെത്തിയ പോലീസ് അയല്‍വാസികളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ് തലേദിവസം വീട്ടില്‍ കൊച്ചുപാര്‍വതിയും മകള്‍ ശാന്തകുമാരിയും ചെറുമകന് സന്തോഷുമായി വാക്കുതര്‍ക്കം ഉണ്ടായെന്ന് അറിയുന്നത്.
സംശയം തോന്നിയ സിഐ ആര്.രതീഷ് മരണാനന്തര കര്‍മങ്ങള്‍ നിര്‍ത്തി വച്ച് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും മൃതദേഹം ആശുപത്രി മോര്ച്ചറിയിലേക്കുമാറ്റുകയും ചെയ്തു. ഇൻക്വസ്റ്റിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ല.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയുടെ പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് തെളിഞ്ഞു. തുടര്‍ന്ന് ശാന്താകുമാരിയെയും സന്തോഷിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു നടത്തിയ ചോദ്യംചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ മുതല്‍ കൊച്ചുപാര്‍വതിയും ശാന്തകുമാരിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. വൈകുന്നേരം മകന് സന്തോഷുമായും വാക്ക്തര്‍ക്കം ഉണ്ടായി.
കൊച്ചുപാര്‍വതിയെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ട് പോയപ്പോള്‍ തല ഭിത്തിയിലിടിച്ചുണ്ടായ ക്ഷതമാണ് മരണകാരണം. ഇരുവരെയും കോടതിയില്‍ ഹാരജാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.