കോട്ടയം: കൊറോണ കുരുക്കിൽ പാഠപുസ്തകം, യൂണിഫോം എന്നിവയുടെ വരവ് അനിശ്ചിതത്വത്തിൽ. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ 90 ശതമാനം അച്ചടിയും ഡിസംബറിൽത്തന്നെ പൂർത്തിയായി.
ഏപ്രിൽ അവസാനവാരം പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയായിരുന്നു. മേയ് ആദ്യവാരം യൂണിഫോമിനുള്ള തുണിയും സ്കൂളുകൾക്ക് വിതരണം ചെയ്യാനായിരുന്നു നീക്കം.
സ്കൂളുകൾ ലോക്ക് ഡൗണിലായതിനാൽ പാഠപുസ്തകങ്ങളും തുണിയും എത്തിക്കുന്നത് സുരക്ഷിതമല്ല. സ്കൂളുകളിലെ സ്റ്റോർ റൂമുകൾ തുറന്ന് ശുചീകരണം നടത്തിയശേഷമേ പുസ്തകങ്ങളും ഇതര സാധനങ്ങളും സംഭരിക്കാനാകൂ.
സ്കൂളും ഭക്ഷണപ്പുരയും ടോയ്ലറ്റും വാട്ടർടാങ്കും ഫർണിച്ചർ-സ്റ്റേഷനറി സാധനങ്ങളും പാത്രങ്ങളും അണുവിമുക്തമാക്കിയ ശേഷമേ ളുകൾ തുറക്കാനാകൂ.
സ്കൂൾ കെട്ടിട ഫിറ്റ്നസ് പരിശോധന അനിശ്ചിതത്വത്തിൽ
കോട്ടയം: കൊറോണ ഉയർത്തുന്ന ഭീഷണി മാത്രമല്ല സ്കൂൾ ഫിറ്റ്നസ് പരിശോധനയിലെ അനിശ്ചിതത്വവും സ്കൂൾ തുറക്കൽ വൈകാൻ ഇടയാക്കും. വേനൽ അവധിയോടു ചേർന്ന് ഏപ്രിൽ മാസത്തിൽ സ്കൂൾ കെട്ടിടം, ഭക്ഷണപ്പുര, സ്റ്റോർമുറി എന്നിവയുടെ സുരക്ഷാ പരിശോധന ഉറപ്പാക്കി സ്കൂളുകൾ ഫിറ്റനസ് സർട്ടിഫിക്കറ്റ് വാങ്ങണം.
സ്കൂളുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സിവിൽ എൻജിനിയറാണ് സ്കൂൾ പരിശോധന വീഴ്ച വരാതെ നടപ്പാക്കേണ്ടത്.
കെട്ടിടം അണ്ഫിറ്റെന്നു കണ്ടാൽ അടുത്ത അധ്യയന വർഷം ക്ലാസുകൾ നടത്താൻ പാടില്ല. അറ്റകുറ്റപ്പണിയോ ബലപ്പെടുത്തലോ വേണമെങ്കിൽ അത് മേയ് രണ്ടാവാരത്തിനു മുന്പ് പൂർത്തിയാക്കണം.സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര, ഭിത്തി, ജനാല, വാതിലുകൾ, തറ, വാട്ടർ ടാങ്ക്, ശുചിമുറി എന്നിവയെല്ലാം പരിശോധയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
കോറോണ നിബന്ധനകൾ വന്നതോടെ വിദ്യാഭ്യാസ ഓഫീസുകൾ അവധിയിലായി. സ്കൂളുകൾ തുറക്കാൻ പാടില്ലെന്ന സാഹചര്യത്തിൽ സ്കൂളുകളിൽ എൻജിനിയർമാരെ വിളിച്ചുവരുത്താനും സൗകര്യമില്ലാതായി.
ഒരു ഗ്രാമപഞ്ചായത്തിൽ കുറഞ്ഞ ത് 50 സ്കൂൾ കെട്ടിടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഒരു സ്കൂളിൽ കുറഞ്ഞത് രണ്ടു മണിക്കൂർ പരിശോധന വേണ്ടിവരും. നഗരങ്ങളിലെ സ്കൂളുകൾ നഗരസഭയിലെ എൻജിനിയർമാരാണ് പരിശോധിക്കേണ്ടത്.
ഇവരേറെയും മറ്റ് ജോലികളിൽ നിയോഗിക്കപ്പെട്ടിരിക്കുന്നു. ജില്ലയിലെ 25 തദ്ദേശസ്ഥാപനങ്ങളിൽ നിലവിൽ എൻജിനിയർമാരില്ല എന്നതും ഗുരുതരമായ പ്രതിസന്ധിയാണ്.
ഈ സാഹചര്യത്തിൽ ഒരു തദ്ദേശസ്ഥാപനത്തിലെ എൻജിനിയർ സമയം കണ്ടെത്തി സമീപ പഞ്ചായത്തുകളിലും സ്കൂൾ കെട്ടിട പരിശോധന നടത്തേണ്ടിവരും. ഫിറ്റ്നസില്ലാതെ സ്കൂളുകൾ തുറക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുവദിപ്പില്ല.