തൊടുപുഴ: നാലു ദിവസത്തിനിടെ പത്ത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കിയിൽ അതീവ ജാഗ്രത. ഇന്നലെ മാത്രം വനിതാ ഡോക്ടർ ഉൾപ്പെടെ ആറു പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.
ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച പത്തു രോഗികളും രോഗ മുക്തി നേടിയതോടെ ഗ്രീൻ സോണിൽ എത്തിയ ജില്ലയാണ് ഇപ്പോൾ വീണ്ടും ആശങ്കയിലായിരിക്കുന്നത്.
രോഗ വ്യാപനം കൂടിയ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി ഇന്ന് പീരുമേട്, ഉടുന്പൻചോല താലൂക്കുകളിൽ ആർഡിഒ, സബ്കളക്ടർ എന്നിവർ പങ്കെടുക്കുന്ന യോഗം ചേർന്നു. ഇതിനിടെ ജില്ലയിലെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ കളക്ടർ എച്ച്. ദിനേശൻ പോലീസിനു നിർദേശം നൽകി.
നിലവിൽ രോഗം ബാധിച്ചവരുടെ സന്പർക്കപ്പട്ടികയും വലുതാണ്. അതിനാൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.
ഇന്നലെ രോഗം സ്ഥിരീകരിച്ച ആറു പേരുടെ സന്പർക്ക പട്ടിക തയാറാക്കാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്. എന്നാൽ ഏലപ്പാറയിലെ ഡോക്ടറുടെ സന്പർക്ക പട്ടിക തയാറാക്കൽ ശ്രമകരമാണ്. ഇവർ ചികിൽസ നൽകിയ രോഗികളെ കണ്ടെത്തുന്നതാണ് ഏറെ ശ്രമകരമായ കാര്യം.
ആരോഗ്യ രംഗത്ത് സജീവ സാനിധ്യമായിരുന്ന വനിത ഡോക്ടർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. ഡോക്ടറുമായി നിരവധി പേർ അടുത്തിടപഴകിയതായി സംശയിക്കുന്നുണ്ട്.
തോട്ടം മേഖലയായ ഏലപ്പാറയിൽ നിലവിലെ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ആരോഗ്യ വിഭാഗം പ്രവർത്തിക്കുന്നത്. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച പഞ്ചായത്തിൽ നിലവിൽ കടകന്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. പുറ്റടിയിൽ രോഗം ബാധിച്ച വ്യക്തിയുടെയും സന്പർക്കപ്പട്ടിക ഏറെ നീണ്ടതാണ്.
വണ്ടിപ്പെരിയാറ്റിലെയും വണ്ടൻമേട്, ഉപ്പുകണ്ടത്തിനടുത്ത് നത്തുകല്ലിലെയും രോഗികളുടെ സന്പർക്കപ്പട്ടിക ഇന്ന് പുറത്തിറക്കും. ഇതിനിടെ നത്തുകല്ലിലെ രോഗി തിരുമ്മുകേന്ദ്രത്തിലും ആശുപത്രിയിലും എത്തിയിരുന്നതായും വിവരമുണ്ട്.
രോഗികളിൽ നിന്നു കൂടുതൽ വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സന്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തി ഉടൻ തന്നെ ക്വാറന്റൈനിലാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ ഇടുക്കിയിൽ കൂടുതൽ പഞ്ചായത്തുകൾ ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
ഇടുക്കി കഞ്ഞിക്കുഴി, മരിയാപുരം, ബൈസണ്വാലി, സേനാപതി , ഏലപ്പാറ ,നെടുങ്കണ്ടം, വാഴത്തോപ്പ് , ഇരട്ടയാർ, വണ്ടൻമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകളും തൊടുപുഴ നഗരസഭയിലെ കുമ്മംകല്ല് വാർഡുമാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്.