ഗാന്ധിനഗർ: കോവിഡ് 19 സ്ഥിരീകരിച്ച 12 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ് പത്തു പേർ. രണ്ടു പേർ ഇന്നലെ അർധരാത്രിയിൽ ഇടുക്കി മെഡിക്കൽ കോളജിൽ നിന്നെത്തിയവരാണ്.
ജില്ലയിൽ രോഗം സ്ഥിരീകരിച്ച കോട്ടയം ജില്ലാ ആശുപത്രിയിലെ മെയിൽ നഴ്സ് ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. മെഡിക്കൽ കോളജിൽ ചികിത്സിൽ കഴിയുന്ന ഇടുക്കി കട്ടപ്പന സ്വദേശിയായ 19കാരി, കോതമംഗലത്തെ സ്വകാര്യ ദന്തൽ കോളജ് വിദ്യാർഥിനിയാണ്.
ലോക് ഡൗണ്‍ ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുന്‍പുതന്നെ കോളജിൽ നിന്നു വീട്ടിലെത്തിയ വിദ്യാർഥിനിക്ക് കോവിഡ് 19 വൈറസ് പിടിപ്പെട്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് ഇവരുടെ പിതാവ് പറയുന്നു.
അതുപോലെ മാർച്ച് 23ന് മലപ്പുറത്തു നിന്നു വീട്ടിലെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തനിക്ക് രോഗം വന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നുണ്ടെന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കുമളി പുറ്റടി സ്വദേശിയായ 24 കാരൻ പറയുന്നു.
പനച്ചിക്കാട് നിന്ന് ഇന്നലെ രോഗം സ്ഥിരീകരിച്ച 25 കാരി എംജി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ ഇവർക്കും കൊറോണ വൈറസ് പിടിപെട്ടത് എങ്ങനെയെന്ന് അറിയില്ല.
വിദ്യാർഥിനി താമസിക്കുന്ന പഞ്ചായത്തിൽ തന്നെയുള്ള തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ മെയിൽ നഴ്സിനും മാതാവും രോഗബാധയെത്തുടർന്ന് മെഡിക്കൽ കോളജിലാണ്.