അങ്ങാടിപ്പുറം: ലോക്ഡൗണിലും വെറുതെയിരുന്നു സമയം കളയാൻ മുഹമ്മദ് നിഹാൽ ഒരുക്കമല്ല. ഗ്രോബാഗിൽ മണ്ണു നിറച്ച് പച്ചക്കറി തൈകൾ നട്ടുപരിപാലിച്ച് വീട്ടിൽ അടുക്കളത്തോട്ടമൊരുക്കുകയാണ് ഈ മിടുക്കൻ. ഉപയോഗശൂന്യമായ ടയറുകൾക്കിടയിൽ മണ്ണു നിറച്ച് പച്ചക്കറിവിത്തുകൾ പാകി മുളപ്പിക്കും.
ജൈവവളവും ചകിരിച്ചോറും ചേർത്ത മണ്ണുനിറച്ച ഗ്രോബാഗിലേക്ക് തൈകൾ പിന്നീട് മാറ്റി നടും. ഗ്രോബാഗ് എത്തിച്ചു കൊടുക്കേണ്ട കാര്യമേ ബാപ്പയ്ക്കുള്ളൂ. ബാക്കി കൃഷികാര്യങ്ങളെല്ലാം ഈ കൊച്ചുമിടുക്കൻ ഒറ്റയ്ക്കു ചെയ്യും.
നിഹാലിന്റെ അടുക്കളത്തോട്ടത്തിൽ 42 ഗ്രോബാഗുകളിലായി വഴുതന, ചീര, അമര, പച്ചമുളക്, തക്കാളി, പയർ, വെണ്ട, ചൊരങ്ങ, പടവലം എന്നിവയെല്ലാം വളർന്നു വരികയാണ്. തൈകളുടെ നനയും ശുശ്രൂഷകളുമെല്ലാം നിഹാലിന്റെ ലോക്ഡൗണ്‍ ഹോബിയായി മാറിക്കഴിഞ്ഞു.
കുഞ്ഞുനാൾ മുതൽ പിതാവിനെ കൃഷികാര്യങ്ങളിൽ സഹായിച്ചിരുന്ന നിഹാലിന് അടുക്കളത്തോട്ടം പരിപാലിക്കേണ്ടതെങ്ങനെയെന്നും നന്നായറിയാം.
പുത്തനങ്ങാടി കിഴക്കേത്തലയ്ക്കൽ മുഹമ്മദ് മുസ്തഫയുടെയും റസീനയുടെയും മകനായ നിഹാൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പഠിക്കാനും മിടുക്കൻ.