സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാർ കൂടുതൽ ഇളവുകൾ അനുവദിച്ചതോടെ ഇന്നലെ ജനങ്ങൾ സ്വതന്ത്രരായി പുറത്തിറങ്ങി.
ഇളവുകൾ അനുവദിക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചതും കർശന വാഹന പരിശോധന പോലീസ് ഉപേക്ഷിച്ചതും തലസ്ഥാന ജില്ലയെ ദിവസങ്ങൾക്കു ശേഷം ഇന്നലെ തിരക്കുള്ള നഗരമാക്കി മാറ്റി.
വാഹനങ്ങൾ ധാരാളം നിരത്തിൽ ഓടിത്തുടങ്ങിയതോടെ നഗരത്തിൽ കഴിഞ്ഞ ഒരു മാസമായി കണ്ണുതുറക്കാതിരുന്ന ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചു.
നിയന്ത്രണ മേഖലയിൽ പെട്ടവർ അൽപം ഭീതിയോടെയാണ് ഇന്നലെ പുറത്തിറങ്ങിയതെങ്കിലും പോലീസ് പരിശോധന ഇല്ലാത്തതിനാൽ അവരും നഗരത്തിൽ സ്വൈര വിഹാരം നടത്തി. പൊതുവേ നോക്കിയാൽ ലോക്ക്ഡൗൺ പിൻവലിച്ച പ്രതീതി തന്നെയായിരുന്നു തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച.
പതിവിൽ നിന്നും വ്യത്യസ്തമായി ജില്ലയിലെ വലിയ ഷോപ്പിംഗ് മാളുകൾ മാറ്റിനിർത്തിയാൽ വ്യാപാര സ്ഥാപനങ്ങളിൽ വലിയൊരു ഭാഗവും തിങ്കളാഴ്ച തുറന്നു പ്രവർത്തിച്ചു. നഗരത്തിലെ പ്രധാന മാർക്കറ്റുകളായ ചാലയും പാളയവും പൊതുവേ സജീവമായിരുന്നു.
പച്ചക്കറി വിൽപ്പന മറ്റു ദിവസങ്ങളെക്കാൾ തകൃതിയായി നടന്നു. ചില്ലറ വിൽപ്പനക്കാർ തന്നെയായിരുന്നു അധികവും ചാലയിൽ പച്ചക്കറി വിപണി കൈയടക്കിയത്. ഇതേ അവസ്ഥ തന്നെയായിരുന്നു പാളയം കണ്ണിമേറ മാർക്കറ്റിലും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏറ്റവും നന്നായി മീൻകച്ചവടം നടന്നതു ഇന്നലെ ആയിരുന്നുവെന്നായിരുന്നു കച്ചവടക്കാരുടെ അഭിപ്രായം.
ഇലക്ട്രിക്, പ്ലംബിംഗ് സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നതു ജനങ്ങൾക്കു വലിയൊരു അനുഗ്രഹമായി. ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കു ദിവസങ്ങൾക്കു ശേഷം ഇന്നലെ പണിയെടുക്കാനായി. ഇലക്ട്രോണിക് സ്ഥാപനങ്ങളിൽ നല്ല തിരക്കാണു അനുഭവപ്പെട്ടത്.
തിരക്കുണ്ടാകുമെന്നു മുന്നിൽ കണ്ടു ലോക്ക്ഡൗൺ കാലത്തെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു തന്നെയാണു ഇത്തരം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചത്. വെള്ളയന്പലം, സ്റ്റാച്യൂ, ഓവർബ്രിഡ്ജ് എന്നീ സ്ഥലങ്ങളിൽ പ്രവർത്തിച്ച എല്ലാ സ്ഥാപനങ്ങളിലും പോലീസ് ഇന്നലെ പരിശോധനയും നടത്തി.
സ്ഥാപനങ്ങളിലെത്തിയവർ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കണമെന്നു പോലീസ് കർശന നിർദേശവും നൽകി. നഗരത്തിലെ ഹോട്ടലുകൾ മിക്കതും ഇന്നലെ അടഞ്ഞുതന്നെ കിടന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഓണ്ലൈൻ, പാഴ്സൽ സർവീസുകൾക്കായി തുറന്നിരുന്ന റസ്റ്റോറന്റുകൾ മാത്രമാണു പ്രവർത്തിച്ചത്.
നിയന്ത്രണങ്ങളിൽ അയവു വന്നതോടെ നഗരത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ പലതും സജീവമായതായാണു വിവരം. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒപി പ്രവർത്തിച്ചു തുടങ്ങിയതാണു രോഗികൾ ഇന്നലെ ആശുപത്രികളിൽ എത്താൻ പ്രധാന കാരണം.
നഗരത്തിലെ പെട്രോൾ പന്പുകളിലും തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പെട്രോളിനു ചെല്ലുന്ന വാഹന ഉടമകളോടു ചില്ലറയുണ്ടോയെന്നു ചോദിച്ച ശേഷമാണു പെട്രോൾ നൽകിയിരുന്നത്. എന്നാൽ ഇന്നലെ അങ്ങനെയൊരു ചോദ്യം ഉണ്ടായില്ല.
പന്പുകളിൽ വാഹനമെത്തിത്തുടങ്ങിയതു പെട്രോൾ പന്പ് ഉടമകൾക്കും വലിയ ആശ്വാസമായി. ഒന്നു പുറത്തിറങ്ങാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസം തന്നെയായിരുന്നു മിക്കവരുടെയും മുഖത്ത്. മാസ്ക് ധരിച്ചു തന്നെയായിരുന്നു ജനങ്ങൾ ഇന്നലെയും പുറത്തിറങ്ങിയത്.
വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾ എത്താറുള്ള തദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂടി നിയന്ത്രണ വിധേയമായി തുറന്നു പ്രവർത്തിക്കുന്നതോടെ മെല്ലെ നഗരം സാധാരണ നിലയിൽ എത്തുമെന്നു വേണം കരുതാൻ.
കടുത്ത നിയന്ത്രണങ്ങളിൽ അയവു നൽകുന്പോഴും ജാഗ്രത വേണമെന്ന നിർദേശം തന്നെയാണു ഭരണകൂടം നൽകുന്നത്. സംസ്ഥാനത്തെ ഇന്നലത്തെ കോവിഡ് രോഗബാധിതരുടെ കണക്കു പരിശോധിച്ചാൽ പൊതുവേ ആശങ്ക തന്നെയാണ്. എന്നാൽ തിരുവനന്തപുരത്ത് ഒരു പോസിറ്റീവ് കേസുപോലും ഇല്ലെന്നുള്ളതാണ് ഏക ആശ്വാസം.