കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമായി തുടരുന്നതിനിടെ എറണാകുളം ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും വർധിക്കുന്നു. ഇന്നലെമാത്രം പുതുതായി 130 പേരെയാണു വീടുകളിൽ നിരീക്ഷണത്തിനായി നിർദേശിച്ചത്.
നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടർന്ന് 29 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 442 ആയി ഉയർന്നു.
ഇതിൽ 115 പേർ ഹൈ റിസ്ക്ക് വിഭാഗത്തിലും 327 പേർ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. ഇന്നലെ പുതുതായി ഒരാളെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു . ഇതോടെ ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20 ആയി.
കളമശേരി മെഡിക്കൽ കോളജിൽ ഏഴു പേരും ആലുവ ജില്ലാ ആശുപത്രിയിൽ മൂന്നു പേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ രണ്ടുപേരും സ്വകാര്യ ആശുപത്രികളിലായി എട്ടുപേരുമാണു ചികിത്സയിലുള്ളത്.
അതിനിടെ, മാർച്ച് 21 മുതൽ രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളജിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി രോഗമുക്തനായി. അതിനിടെ, ഇന്നലെ ജില്ലയിൽനിന്നു 171 സാന്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതിൽ 14 എണ്ണം രോഗലക്ഷണങ്ങളുള്ളവർ, ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർ എന്നിവരിൽനിന്ന് ശേഖരിച്ചതാണ്.
സാന്പിൾ ശേഖരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ പത്തു വിഭാഗങ്ങളെകൂടി പരിശോധനയ്ക്ക് വിധേയമാക്കുവാൻ ആരംഭിച്ചു. പോസിറ്റീവ് കേസുകളുടെ പ്രൈമറി കോണ്ടാക്ട് , സെക്കൻഡറി കോണ്ടാക്ട് ,
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ, കോവിഡ് ഇതര ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകർ, ഫീൽഡ് തല പ്രവർത്തകർ, മുതിർന്ന പൗരന്മാർ, അന്തർ സംസ്ഥാന യാത്രികർ, ഗർഭിണികൾ, അന്തർ സംസ്ഥാന യാത്രികരുമായി സന്പർക്കം വന്നിട്ടുള്ളവർ, മറ്റുള്ളവർ എന്നിങ്ങനെ കാറ്റഗറി തിരിച്ചാണു പരിശോധന നടത്തുന്നത്.
ഈ വിഭാഗങ്ങളിൽനിന്ന് മാത്രമായി 157 പേരുടെ സാന്പിളുകൾ ഇന്നലെ ശേഖരിച്ചു. ഇന്നലെ 30 പരിശോധന ഫലമാണ് ജില്ലയിൽ ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവാണെന്നും ഇനി 193 സാന്പിൾ ഫലങ്ങൾ കൂടി ലഭിക്കാനുണ്ടെന്നും അധികൃതർ വ്യക്തമാക്കി.