ഗാന്ധിനഗർ: കടുത്ത പനിയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തി വാർഡിൽ പ്രവേശിപ്പിച്ച രോഗി കോവിഡ് സംശത്തെതുടർന്നു കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തിനാണ് കടുത്ത പനിയെ ത്തുടർന്ന് അത്യാഹിത വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 56 കാരിയെ പ്രവേശിപ്പിക്കുന്നത്. എക്സറേ, ഇസിജി, രക്തം പരിശോധനകൾക്കുശേഷം മൂന്നാം വാർഡിലേക്ക് അഡ്മിറ്റ് ചെയ്തു.
ഉച്ചകഴിഞ്ഞ് രണ്ടിന് സ്ത്രീകളുടെ മെഡിസിൻ വാർഡിലെ ഡോക്ടർമാരുടെ പരിശോധന മുറിയിൽ എത്തിക്കുകയും ചെയ്തു.
അവിടെ നടത്തിയ പരിശോധനയിലാണ് രോഗിയ്ക്കു കോവിഡ് 19 രോഗമുള്ളതായി ഡോക്ടർമാർക്കു സംശയം തോന്നിയത്. ഉടൻ തന്നെ ജീവനക്കാർ പ്രത്യേക സുരക്ഷാ (പിപിഇ) വസ്ത്രം ധരിച്ച് കൊറോണ വാർഡിലെ ഐസോലേഷൻ വിഭാഗത്തിലേക്ക് മാറ്റി.
ഈ രോഗിയുടെ പരിശോധനാ ഫലം പോസറ്റീവായാൽ, പിപിഇ കിറ്റ് ധരിക്കാതെ ഡ്യൂട്ടി ചെയ്ത അത്യാഹിത വിഭാഗത്തിലേയും വാർഡിലേയും ഡോക്ടർമാർ, നഴ്സസ് മാർ മറ്റ് ജീവനക്കാർ എന്നിവർ ക്വാറന്റൈനിൽ പോകേണ്ടി വരും.
രോഗിയെ വാർഡിലെത്തിച്ച രണ്ടു ജീവനക്കാരെ വീട്ടിൽ പോകാതെ ആശുപത്രിയിൽ കഴിയുകയാണ്. അതിനാൽ, പനി, ജലദോഷം ചുമ, തൊണ്ടവേദന തുടങ്ങിയ രോഗവും, രോഗലക്ഷണവുമായി വരുന്നവർ കൃത്യമായ ചട്ടം പാലിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.