പയ്യോളി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ ഹോട്ടലുകൾ അടച്ചിട്ടതിനാൽ പയ്യോളി ടൗണിലെ പോലീസുകാര്‍ക്ക് മുടങ്ങാതെ വ്യാപാരികൾ ചായ എത്തിച്ച് നൽകുന്നത് ഏറെ ആശ്വാസമാകുന്നു .
ദേശീയപാതയിൽ ടൗണിലെ മുൻസിഫ് കോടതി കവാടത്തിന് മുമ്പിലാണ് വാഹന പരിശോധനക്കായി ഡ്യൂട്ടിക്കെത്തുന്ന ഹോംഗാർഡ് അടക്കമുള്ള പത്തോളം പോലീസുകാർക്ക് രാവിലെ പതിനൊന്ന് മണിയോട് കൂടി ചായയും ലഘുഭക്ഷണവുമായി വ്യാപാരികൾ മുടക്കമില്ലാതെ എത്തുന്നത്.
പയ്യോളി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലാണ് ഇവര്‍ക്കായുള്ള ചായ വിതരണം നടത്തുന്നത്. സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം ഭാരവാഹി കൂടിയായ പയ്യോളി സൂപ്പര്‍ മെഡിക്കല്‍സ് ഉടമ എം.ഫൈസലും, ഐപിസി റോഡിലെ പോപ്പുലര്‍ ഗ്ലാസ് മാര്‍ട്ട് ഉടമയായ ജി. ഡെനിസനും ചേര്‍ന്നാണ് ഈ ഉത്തരവാദിത്തം കൃത്യമായി ഏറ്റെടുത്ത് നടത്തുന്നത്.
വിഷുവിനും മറ്റ് പൊതുഅവധി ദിനങ്ങൾക്ക് പോലും ഒരു മുടക്കവും വരുത്താതെയാണ് ചായയുമായി ഇവര്‍ രണ്ട് പേരും ദേശീയപാതയില്‍ കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസുകാരെ സമീപിക്കുക. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം തന്റെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് തയ്യാറാക്കിയ ചായയുമായ് വരുമ്പോഴാണ് പൊരിവെയിലത്ത് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരുടെ പ്രയാസം ഫൈസലിന്റെ ശ്രദ്ധയില്‍ പെടുന്നത്.
ഇവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ചര്‍ച്ച വ്യാപാരികളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഇദ്ദേഹം പങ്കുവച്ചപ്പോള്‍ ഈ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നായി. സഹായിക്കാമെന്ന് ഏറ്റ് വ്യാപാരി സംഘടനയുടെ പേരാമ്പ്ര റോഡ് ഏരിയ ചെയര്മാന് കൂടിയായ ഡെനിസന് രംഗത്ത് വന്നതോടെ ചായ വിതരണം ഭംഗിയായി ഒരു മാസം പിന്നിട്ടു.
ആദ്യ ഘട്ടങ്ങളില്‍ വ്യാപാരികളെ കൂടാതെ നിരവധി പേര് ഈ രംഗത്ത് ഉണ്ടായിരുന്നെകിലും ലോക്ക് ഡൗണ്‍ നീട്ടിയതോടെ പലരും പിന്‍വലിഞ്ഞു. എങ്കിലും ഒരു മുടക്കവും വരുത്താതെ ഇവര്‍ രണ്ട് പേരും ചായ വിതരണം ഇപ്പോഴും തുടരുന്നു.
ദേശീയപാത പയ്യോളി ജംഗ്ഷനില്‍ ഡ്യൂട്ടി ചെയ്യുന്നത് മിക്കവാറും കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസ് ഉദ്യോഗസ്ഥരാണ്. ചായ കൊണ്ട് വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കില്ലെങ്കില് ആവാം എന്ന മറുപടിയാണ് തുടക്കത്തില്‍ ലഭിച്ചത്.
ഇതോടപ്പം ജെ സി ഐ പുതിയനിരത്ത് പ്രസിഡന്റ് യു.അനൂപിന്റെ നേതൃത്വത്തില്‍ ജംക്ഷനിലെ പോലീസുകാര്‍ക്കുള്ള കുടിവെള്ള വിതരണവും ഒരു മാസം പിന്നിടുന്നുണ്ട് .
കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത പയ്യോളിയുടെ കരുത്തുറ്റ കരുതലിന് കാവലാളുകളായി മാറിയ കേരള പോലീസ് സേനക്ക് ഒരു ബിഗ് സല്യൂട്ടായാണ് വ്യാപാരി സുഹൃത്തുക്കളായ സൂപ്പർ ഫൈസലും ഡെനിസണും ഈയൊരു സേവനം കൊണ്ട് ലക്ഷ്യമാക്കുന്നത് .