റെനീഷ് മാത്യു
കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും സംശയത്തിൽ. നിലവിൽ പോലീസ് മാത്രമാണ് വിവരങ്ങൾ ചോർന്ന സംഭവത്തിൽ പ്രതിക്കൂട്ടിൽ.
എന്നാൽ കോവിഡ് രോഗികളെക്കുറിച്ചും അവരുടെ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളെക്കുറിച്ചുമുള്ള വിവരങ്ങൾ കൈവശമുള്ളത് പോലീസുകാർക്ക് പുറമെ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പക്കലാണുള്ളത്. ഇവരുടെ പക്കൽ നിന്നു വിവരങ്ങൾ ചോരാം.
പോലീസിന് വേണ്ടി നിർമിച്ച ആപ്പിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്ന് വ്യാപകമായ ആരോപണം ഉണ്ടായിരുന്നു. പോലീസ് നിർമിച്ച ആപ്പ് വഴിയാണ് വിവരങ്ങൾ ചോർന്നതെങ്കിൽ പോലീസിന് വേണ്ടി ആപ്പ് നിർമിച്ച വ്യക്തിയേയും കന്പനിയേയും സംശയപട്ടികയിൽപ്പെടുത്താം.
ഇവർ വഴി വിവരങ്ങൾ ചോരാം. സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആപ്പ് നിർമിച്ചിരിക്കുന്നത്. അതിനാൽ വിവരങ്ങൾ പെട്ടെന്ന് ഹാക്ക് ചെയ്യപ്പെടാൻ ഇടയായി.
നിലവിലുള്ള സാഹചര്യത്തിൽ കോവിഡ് ബാധിച്ചവരുടെയും അവരുടെയും കോൺടാക്ടിൽ പെട്ടവരുടെയും വിവരങ്ങൾക്ക് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് വലിയ വിലയാണ് ഉള്ളത്.അതിനാൽ, ഹാക്ക് ചെയ്യുന്നവർ വലിയ തുക വാങ്ങി ഇവരുടെ വിവരങ്ങൾ ആശുപത്രി അടക്കമുള്ള സ്ഥാപനങ്ങൾക്ക് കൈമാറാം.
കോവിഡ് രോഗികളുടെയും അവരുമായി ബന്ധപ്പെട്ടവരുടയും വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ പോലീസുകാർക്ക് നല്കിയ ഗൂഗിൾ ലിങ്ക് വഴിയും വിവരങ്ങൾ ചോരാം. ഇതിന്റെ യൂസർ നെയിമും പാസ്വേർഡും മറ്റൊരാൾക്ക് കൈമാറിയാൽ വിവരങ്ങൾ ചോരാം.
ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ശേഖരിച്ച് വച്ച വിവരങ്ങളും പോലീസുകാരുടെ ആപ്പിൽ നിന്നു ചോർന്ന പോലെ ചോരാം. അതിനാൽ പോലീസുകാർക്ക് പുറമെ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിവരങ്ങൾ ചോർന്ന സംഭവത്തിൽ സംശയത്തിന്റെ നിഴലിലാണ്.