തിരുവില്വാമല: ശക്തമായ കാറ്റ് വീശിയാൽ, മഴ കനത്തു പെയ്താൽ സരോജിനിയുടെ വീടു തകർന്നു വീഴും. ഭർത്താവും മക്കളും മരിച്ച തിരുവില്വാമല 15-ാം വാർഡിൽ പൂതനക്കര സരോജിനിയാണ് അപകടാവസ്ഥയിലായ വീട്ടിൽ ഭീതിയോടെ കഴിയുന്നത്.
കഴിഞ്ഞ ദിവസം പെയ്ത മഴയിലും കാറ്റിലും അപകടാവസ്ഥയിലായ വീട് തലയ്ക്കുമുകളിൽ വീഴരുതെന്ന പ്രാർത്ഥനയോടെ കഴിച്ചുകൂട്ടുകയായിരുന്നു സരോജനി.
ചിതലെടുത്ത് തകർന്ന വീടിന്റെ ഒരു ഭാഗത്ത് ഷീറ്റ് മേഞ്ഞിട്ടുണ്ടെങ്കിലും മഴ പെയ്താൽ വെള്ളം വീട്ടിനകത്താണ്. ഇനിയൊരു മഴയേയും വീശിയടിക്കുന്ന കാറ്റിനേയും പ്രതിരോധിക്കാനുള്ള ശേഷി ഈ വീടിനില്ല. വർഷങ്ങൾക്കുമുന്പ് സർക്കാരിൽനിന്ന് അനുവദിച്ചു കിട്ടിയതാണ് ഈ ഓടുമേഞ്ഞ വീട്.
അന്ന് പണി തീർന്നിരുന്നില്ല. ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിരുന്നെങ്കിലും സഹായം ലഭിച്ചില്ല. വീട്ടുജോലിക്കാരിയായ സരോജിനിക്ക് ലോക്ക് ഡൗണിനെ തുടർന്ന് ഉപജീവനമാർഗവും അടഞ്ഞമട്ടാണ്.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സരോജിനിക്കു പുതിയ വീട് വച്ചു നല്കാൻ നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. മണി പറഞ്ഞു.