
അമ്പലപ്പുഴ: ലോക്ക് ഡൗണിലും കർഷകരെ ചൂഷണം ചെയ്യുന്ന മില്ലുടമകൾ. കരുമാടി മoത്തിൽ വടക്ക് പാടശേഖരത്തെ കർഷകരെയാണ് നെല്ല് സംഭരണത്തിന്റെ പേരിൽ അധികൃതരുടെ ഒത്താശയോടെ മില്ലുടമകൾ ചൂഷണം ചെയ്യുന്നത്.
ഇത്തവണ ഒട്ടും ഈർപ്പമില്ലാത്ത നെല്ലായിട്ടും പത്തുകിലോ വരെ കിഴിവാണ് മില്ലുടമകൾ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞവർഷം ഇത് നാലുകിലോയായിരുന്നുവെന്ന് കർഷകർ പറയുന്നു. ഏക്കറിന് 25,000 മുതൽ 30,000 രൂപ വരെ ചെലവിട്ടാണ് കർഷകർ കൃഷി ചെയ്യുന്നത്.
യന്ത്രത്തിന് മണിക്കൂറിൽ 1900 രൂപവരെ വാടകയും നൽകിയാണ് കൊയ്ത്ത് പൂർത്തിയാക്കിയത്. കൂടാതെ പാടശേഖരത്തു നിന്ന് ചെറിയ വാഹനങ്ങളിലാണ് നെല്ല് റോഡിൽ എത്തിക്കുന്നത്. ഇതിന് വൻ തുകയും ചെലവാകുന്നു.
വേനൽ മഴയിൽ നെല്ല് നശിക്കുമെന്ന ആശങ്ക കണക്കിലെടുത്താണ് മില്ലുടമകൾ ആവശ്യപ്പെട്ട കിഴിവു നൽകി നെല്ല് കൊടുത്തതെന്ന് കർഷകർ പറയുന്നു. ഇത് വലിയ നഷ്ടത്തിനു കാരണമായിട്ടുണ്ട്.
ലോക്ക് ഡൗൺ പ്രതിസന്ധിയെ അതിജീവിച്ചാണ് ഇത്തവണ കൊയ്ത്ത് പൂർത്തിയാക്കിയത്. എന്നാൽ സപ്ലൈകോ ഉദ്യോഗസ്ഥരുമായി ഒത്തുചേർന്ന് മില്ലുടമകൾ പത്തുകിലോ വരെ കിഴിവ് ആവശ്യപ്പെട്ടത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അടിയന്തരമായി ഇതിനു പരിഹാരം കാണാൻ സർക്കാർ തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം.