മങ്കൊന്പ്: അപ്രതീക്ഷിതമായി ആഞ്ഞടിച്ച കാറ്റ് തല്ലിക്കെടുത്തിയത് ഒരു കുടുംബത്തിന്റെയാകെ വെളിച്ചം. ഇന്നലെ കാവാലത്ത് കാറ്റിൽ വൈദ്യുതകന്പി പൊട്ടിവീണുണ്ടായ അപകടത്തിൽ മരിച്ച അജിത കളത്തൂർ വീടിനു വിളക്കായിരുന്നു.
കുടുംബത്തിനു മാത്രമല്ല നാട്ടുകാർക്കും ഇവർ പ്രിയങ്കരിയായിരുന്നു. വീശിയടിച്ച കൊടുങ്കാറ്റ് ഈ വിളക്കണച്ചപ്പോൾ അതു നാടിന്റെയാകെ നൊന്പരമായി. പതിവുപോലെ ഇന്നലെയും മകൾക്കൊപ്പം അലക്കാനും കുളിക്കാനുമാണ് അജിത കൊപ്പറന്പ് കടവിലെത്തിയത്.
അലക്കുന്നതിനിടെ മാനത്ത് കാറു കണ്ടപ്പോൾ അതു തങ്ങളുടെ കുടുംബത്തിനു മീതെ ദുരന്തമായി പെയ്തിറങ്ങുമെന്ന് ഇരുവരും അറിഞ്ഞില്ല. മഴക്കാറിനൊപ്പം അപ്രതീക്ഷിതമായി ആഞ്ഞടിച്ച കാറ്റിൽ കടവിനു സമീപത്തായി നിന്ന ഉണങ്ങിയ തെങ്ങ് കടപുഴകി വൈദ്യുതകന്പിയിലേക്കു വീഴുകയായിരുന്നു.
തെങ്ങിനൊപ്പം വൈദ്യുതി പ്രവഹിക്കുന്ന കന്പികളും ആറ്റിലേക്കു പതിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയവർ ആദ്യമൊന്നു ഭയന്നു. പിന്നീട് അവിടെയുണ്ടായിരുന്ന ചെറുപ്പക്കാർ താഴ്ന്നുപോയ ഇരുവരെയും വെള്ളത്തിൽ നിന്നും മുങ്ങിയെടുക്കുകയായിരുന്നു.
സതീശന്റെയും അജിതയുടെയും 25-ാം വിവാഹ വാർഷികം ഇക്കഴിഞ്ഞ 21-നായിരുന്നു.